അമർനാഥ് ക്ഷേത്രത്തിലെ മഞ്ഞ് ലിംഗം
ശ്രീനഗർ: അമർനാഥ് ഗുഹാക്ഷേത്രത്തിലെ പ്രസിദ്ധമായ മഞ്ഞിൽ രൂപപ്പെട്ട ശിവലിംഗം തീർഥാടനം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ പൂർണമായി ഉരുകിത്തീർന്നതായി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാന ആഘാതത്തെ തുടർന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. തീർഥാടകർ ആദരവോടെ കാണുന്ന മഞ്ഞുലിംഗത്തിന് മെയ് മാസത്തിൽ ഏകദേശം ഏഴടി ഉയരമുണ്ടായിരുന്നു. എന്നാൽ ജൂലൈ ആദ്യവാരമായപ്പോഴേക്കും ഇത് വളരെ ചെറുതായി ചുരുങ്ങി. സാധാരണയേക്കാൾ ഉയർന്ന താപനില, ആവശ്യത്തിന് മഞ്ഞുവീഴ്ചയില്ലാത്ത കാലാവസ്ഥ, ആവർത്തിച്ചുള്ള ഉഷ്ണതരംഗം, തീർഥാടകരുടെ തുടർച്ചയായ പ്രവാഹം എന്നിവയാണ് ഈ ദ്രുതഗതിയിലുള്ള മാറ്റത്തിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മഞ്ഞുരൂപം ഏതാണ്ട് പൂർണമായി അപ്രത്യക്ഷമായിട്ടും 57 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടനം തടസ്സമില്ലാതെ തുടരുകയാണ്. പ്രതിദിനം ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിക്കുന്നത്. മഞ്ഞുരൂപം ഉരുകിയിട്ടും തങ്ങളുടെ വിശ്വാസത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് അടുത്തിടെ തീർത്ഥാടനം നടത്തിയ പല ഭക്തരും പറഞ്ഞു.
അതേ സമയം കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന പ്രവൃത്തികളാണ് ഇത്തരമൊരു മാറ്റത്തിന് വഴിവെച്ചതെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് ഇൽതിജ മുഫ്തി ട്വിടറിൽ കുറിച്ചു. തീർഥാടനത്തിന്‍റെ ആരംഭത്തിൽ തന്നെ മഞ്ഞുലിംഗം ഉരുകിപ്പോയതായി അവർ ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ മരംവെട്ടൽ, അനധികൃത ഖനനം, മോശം മാലിന്യ സംസ്കരണം, ജലനിരപ്പിലുണ്ടായ അപകടകരമായ കുറവ് എന്നിവയാണ് താഴ്‌വരയിലെ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങളെന്നും ഇൽതിജ കൂട്ടി ചേർത്തു. കശ്മീരിലെ രാഷ്ട്രീയത്തിന്റെ ഇരയായി പരിസ്ഥിതി ആഘാതങ്ങൾ മാറിയെന്നും ഈ വിഷയത്തിന് രാഷ്ട്രീയമായി യാതൊരു അധികാര മൂല്യവും ഇല്ലെന്നും അവർ ആരോപിച്ചു. പിന്നാലെ അടിയന്തര നടപടിക്ക് ആഹ്വാനം ചെയ്ത ഇൽതിജ ഭൂട്ടാന്റെ മാതൃകയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര പരിസ്ഥിതി-ടൂറിസം നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കശ്മീരിലെ മലനിരകളും നദികളും മഞ്ഞുമലകളും അതിജീവിക്കില്ലെന്നും കശ്മീർ ഇല്ലാതായിപ്പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.