ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല
ശ്രീനഗർ: തീവ്രവാദത്തെയും വിഘടനവാദത്തെയും മഹത്വവൽക്കരിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തിയെന്ന വിവാദങ്ങൾക്ക് പിന്നാലെ, ജമ്മു-കശ്മീരിലെ സ്കൂൾ ലൈബ്രറികൾ കർശന പരിശോധനക്ക് വിധേയമാക്കാൻ സർക്കാർ ഉത്തരവ്. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും കോച്ചിങ് സെന്ററുകളിലെയും ലൈബ്രറി പുസ്തകങ്ങൾ പരിശോധിച്ച് ‘അപകീർത്തികരമോ ആക്ഷേപകരമോ ആയ ഉള്ളടക്കങ്ങൾ’ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല നിർദേശം നൽകി.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്തിയാൽ ഏഴു ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം. ഓഫിസുകൾ, ക്ലാസ് മുറികൾ, സ്റ്റാഫ് റൂമുകൾ, സ്കൂൾ ലൈബ്രറികൾ എന്നിവിടങ്ങളിൽ ലഭ്യമായ പുതിയതും പഴയതുമായ എല്ലാ പുസ്തകങ്ങളും സമഗ്രമായ പരിശോധനക്ക് വിധേയമാക്കണമെന്ന് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, വിദ്യാർഥികൾക്ക് അനുയോജ്യമല്ലാത്തതോ, രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായതോ ആയ ഉള്ളടക്കമുള്ള പുസ്തകങ്ങൾ ഉണ്ടോയെന്നാണ് പരിശോധിക്കുക. ലൈബ്രറികളിലെ എല്ലാ പുസ്തകങ്ങളും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാനദണ്ഡങ്ങൾക്കും വിദ്യാർഥികളുടെ പ്രായത്തിനും അനുസരിച്ചുള്ളതാണെന്ന് ഉറപ്പുവരുത്തുകയും വേണം.
പരിശോധനയിൽ എന്തെങ്കിലും ആക്ഷേപകരമായ ഉള്ളടക്കം കണ്ടെത്തിയാൽ, സ്ഥാപനമേധാവികൾ അതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട സി.ഇ.ഒ അല്ലെങ്കിൽ ഇ.ഡി.ഒമാർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തെ ചീഫ് എജുക്കേഷൻ ഓഫിസർമാർ ഈ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയും ചെയ്യും. തുടർന്ന് എട്ട് ദിവസത്തിനകം സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർക്ക് ഏകീകൃത റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറയുന്നു.
കശ്മീർ താഴ്‌വരയിലെ 10,787 സർക്കാർ സ്കൂളുകൾക്കും 2,386 അംഗീകൃത സ്വകാര്യ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്. ജമ്മു-കശ്മീരിലെ ഗവ. സ്കൂൾ ലൈബ്രറികളിലേക്ക് വിതരണം ചെയ്ത ചില പുസ്തകങ്ങളിൽ വിഘടനവാദത്തെയും തീവ്രവാദത്തെയും മഹത്വവൽക്കരിക്കുന്ന ഉള്ളടക്കങ്ങൾ ഉണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി.
കേന്ദ്ര സർക്കാറിന്റെ സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിൽ സ്കൂളുകളിലേക്ക് വാങ്ങിയ ‘Personalities and Legends of J&K’ എന്ന പുസ്തകമാണ് പ്രധാനമായും വിവാദത്തിലായത്. ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് സ്ഥാപകൻ മഖ്ബൂൽ ഭട്ട്, നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മിർവായിസ് ഉമർ ഫാറൂഖ് തുടങ്ങിയവരെ ‘മഹാന്മാർ’ എന്നും ‘ഇതിഹാസങ്ങൾ’ എന്നും പുസ്തകത്തിൽ വിശേഷിപ്പിച്ചെന്നാണ് ആരോപണം. ജമ്മു-കശ്മീരിനെ ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്ന് പരാമർശിച്ചതും വിവാദമുയർത്തി.
ഈ പുസ്തകങ്ങൾ രാജ്യവിരുദ്ധ ചിന്താഗതി വളർത്തുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പിയും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യക്കെതിരായ ‘അക്കാദമിക് ജിഹാദ്’ ആണെന്നും അവർ ആരോപിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സക്കീന ഇദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ഉയർന്നു. ബി.ജെ.പിക്ക് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി.
വിവാദം കടുത്തതോടെ, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നിർദേശപ്രകാരം ഈ പുസ്തകങ്ങൾ അടിയന്തരമായി പിൻവലിച്ചു. പുസ്തകം തെരഞ്ഞെടുത്ത സമിതിയിലെ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പുസ്തകത്തിന്റെ രചയിതാക്കളെയും പബ്ലിഷർമാരെയും കരിമ്പട്ടികയിലും ഉൾപ്പെടുത്തി.
ഈ രാഷ്ട്രീയ-സാമൂഹിക വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്, സ്കൂളുകളിലെ ഈ പുസ്തക പരിശോധന. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി അശ്വിനി കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, പുസ്തക പരിശോധനയുമായി ബന്ധപ്പെട്ട ഒമർ അബ്ദുല്ലയുടെ ഉത്തരവിനെ വിമർശിച്ച് പാർട്ടി (നാഷണൽ കോൺഫറൻസ്) എം.പി ആഗാ സയ്യിദ് റുഹുല്ല മെഹ്ദി രംഗത്തെത്തി. കശ്മീരിന്റെ ചരിത്രത്തെയും അക്കാദമിക പുസ്തകങ്ങളെയും കേവലം സുരക്ഷാ ഭീഷണിയുടെ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘വിഘടനവാദത്തെക്കുറിച്ചോ പ്രതിരോധത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് നെഗറ്റീവായി തോന്നാമെങ്കിലും, കശ്മീരിൽ മുമ്പ് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ വരുംതലമുറക്ക് ഇത്തരം പുസ്തകങ്ങൾ കൂടി വായിക്കേണ്ടതുണ്ട്. ചരിത്രം പൂർണമായി മറച്ചുവെച്ചാൽ ഭാവി തലമുറക്ക് സ്വന്തം ഭൂതകാലത്തെക്കുറിച്ച് വികലമായ അറിവേ ലഭിക്കൂ.’ -റുഹുല്ല മെഹ്ദി കൂട്ടിച്ചേർത്തു.
പുസ്തകങ്ങൾ ഇല്ലാതാക്കുന്നത് കൊണ്ട് ചരിത്രപരമായ യാഥാർഥ്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അത് ഗവേഷണങ്ങളെയും പഠനങ്ങളെയും തളർത്തുകയേ ഉള്ളൂവെന്നും ആശയങ്ങളെ ഭയപ്പെടുന്ന ഒരു സമൂഹം സത്യത്തെയാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുസ്തകങ്ങൾ അനുയോജ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ ആകരുതെന്നും സ്വതന്ത്രമായ അക്കാദമിക് സമിതികളായിരിക്കണമെന്നും റുഹുല്ല മെഹ്ദി പറഞ്ഞു. അക്കാദമിക സ്വാതന്ത്ര്യവും ചരിത്രത്തെ അടുത്തറിയാനുള്ള അവകാശവും രാഷ്ട്രീയ ആശയങ്ങളുടെ നിയന്ത്രണത്തിലാകരുതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.