ഗുരുഗ്രാമിൽ നടന്നത് സിനിമയെ വെല്ലുന്ന ഏറ്റുമുട്ടൽ; നാല് ഗുണ്ടാസംഘാംഗങ്ങൾ കൊല്ലപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് പരിക്ക്

ഗുരുഗ്രാം: സുശാന്ത് ലോക് ഫേസ്-2 മേഖലയിൽ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് ഞെട്ടിപ്പിക്കുന്ന ഏറ്റുമുട്ടൽ നടന്നത്. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ദീപക് നന്ദാൽ എന്ന ഗുണ്ടാത്തലവന്റെ സംഘത്തിൽപ്പെട്ട അഞ്ച് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പണത്തിനായി ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഘം, അദ്ദേഹത്തിന്റെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു.

വിവരം ലഭിച്ചയുടൻ ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തി. പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ പൊലീസിന് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ ഇരുവിഭാഗങ്ങളും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവെപ്പ് നടന്നു.

പൊലീസിന്റെ പ്രത്യാക്രമണത്തിൽ പരിക്കേറ്റ അഞ്ച് പ്രതികളെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ നാല് പേർ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ചാമത്തെയാൾ ചികിത്സയിലാണ്. വെടിവെപ്പിനിടെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംഭവസ്ഥലത്ത് നിന്ന് വിദേശ നിർമിത പിസ്റ്റളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.

ഫോറൻസിക് സംഘവും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഈ സംഭവം ഗുണ്ടാവിളയാട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ പരിശോധനക്ക് ശേഷം പുറത്തുവിടുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - 60 Rounds Of Firing In Gurugram Encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.