വാട്സ്ആപ്പ്, ടെലിഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ പുതിയ 'യൂസർനെയിം' ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) അയച്ച നോട്ടീസുകൾക്ക് മറുപടി നൽകി. ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ തന്നെ ചാറ്റ് ചെയ്യാൻ സൗകര്യമൊരുക്കുന്ന ഈ ഫീച്ചർ, ആൾമാറാട്ടം, തട്ടിപ്പുകൾ, ഐഡന്റിറ്റി മോഷണം തുടങ്ങിയവക്ക് കാരണമാകുമെന്ന ആശങ്ക ഉയർത്തിയതിനെത്തുടർന്നാണ് മന്ത്രാലയം നോട്ടീസ് നൽകിയത്.
ഈ വിഷയത്തിൽ വാട്‌സ്ആപ്പ് അധികൃതരുമായി ജൂലൈ രണ്ടിന് മന്ത്രാലയം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം അവർക്ക് നാല് ദിവസത്തെ അധിക സമയം അനുവദിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയോടെ വാട്‌സ്ആപ്പും ടെലിഗ്രാമും മറുപടി സമർപ്പിച്ചു. എന്നാൽ സിഗ്നൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആൾമാറാട്ടം പോലുള്ള ഭീഷണികൾ നേരിടാൻ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മെറ്റ വക്താവ് വ്യക്തമാക്കി. തട്ടിപ്പിലോ ആൾമാറാട്ടത്തിലോ ഏർപ്പെടുന്ന അക്കൗണ്ടുകൾ കണ്ടെത്തുകയാണെങ്കിൽ, അത്തരം യൂസർനെയിമുകൾ റദ്ദാക്കുകയോ അക്കൗണ്ടുകൾ നിരോധിക്കുകയോ ചെയ്യുമെന്നും അവർ അറിയിച്ചു. പ്രശസ്തരായ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് പ്രമുഖ അക്കൗണ്ടുകൾക്കും അവരുടെ യഥാർത്ഥ യൂസർനെയിമുകൾ സംരക്ഷിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും കമ്പനി ഉറപ്പാക്കുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കീടുതൽ ആളുക്കൾ ഉപയോഗിക്കുന്ന ഒരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ടെലിഗ്രാം ഉപഭോഗ്താക്കൾ ഭൂരിഭാഗവും യുവാക്കളാണെന്നാണ് റിപ്പോർട്ട്. ആയതിനാൽ തന്നെ ഈ മാധ്യമങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിൽ വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകൾവഴി വ്യക്തികളുടെ സ്വകാര്യയും, സമ്പത്തും ചൂഷണം ചെയ്യപ്പെടാൻ സാധ്യത ഉള്ളതിനാലാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം കർശന മാനദണ്ഡങ്ങൾ നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.