ജയറാം രമേശ്
ന്യൂഡൽഹി:അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ക്ഷേത്രത്തിലെ സംഭാവനാ പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിന് പുറമെ, ഭൂമി ഇടപാടുകളിലും നിർമ്മാണ പ്രവർത്തനങ്ങളിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ചെറിയ ജീവനക്കാരെ ബലിയാടാക്കി പ്രധാനപ്പെട്ടവരെ രക്ഷിക്കാൻ ബിജെപി-ആർഎസ്എസ് സംവിധാനങ്ങൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തം
രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത് പ്രധാനമന്ത്രിയായതുകൊണ്ട് തന്നെ വിഷയത്തിൽ അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് നേതാവ് സുരേന്ദർ രാജ്പുത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രത്തിന്റെ തറക്കല്ലിടലും ‘പ്രാണപ്രതിഷ്ഠ’യും നിർവഹിച്ച പ്രധാനമന്ത്രി, സംഭാവന തട്ടിപ്പ് പോലുള്ള ഗൗരവകരമായ വിഷയത്തിൽ മൗനം വെടിഞ്ഞ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രസ്റ്റിൽ ബി.ജെ.പി-ആർ.എസ്.എസ് ബന്ധമുള്ളവരെ മാത്രം ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണെന്നും, ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് എന്തുകൊണ്ട് ഒഴിവാക്കിയെന്നും കോൺഗ്രസ് നേതൃത്വം ചോദിക്കുന്നു. സംഭാവന തട്ടിപ്പിൽ ആർ.എസ്.എസിനും വി.എച്ച്.പിക്കും പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
സംഭാവന തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഇന്ന് മുതൽ രാജ്യത്തെ 50-ലധികം നഗരങ്ങളിൽ കോൺഗ്രസ് വാർത്താസമ്മേളനങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചണ്ഡീഗഡ്, ജമ്മു, ലഖ്‌നൗ, കാൺപൂർ, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ പാർട്ടി മുതിർന്ന നേതാക്കൾ വിഷയം ഉന്നയിക്കും.
അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം തുടരുകയാണ്. ക്ഷേത്രത്തിലെ എണ്ണൽ കേന്ദ്രത്തിൽ നിന്ന് 40 ദിവസത്തിനിടെ 70 തവണയോളം പണം മോഷ്ടിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അവിനാഷ് ശുക്ലയെന്ന ജീവനക്കാരനടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും ഇവർ കൈവശപ്പെടുത്തിയതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിന്റെ മറവിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണമാണ് ഇപ്പോൾ രാഷ്‌ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.