സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്ത ഒമ്പത് പേരുകളും കേന്ദ്രം അംഗീകരിച്ചു

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്ത ഒമ്പത് പേരുകളും കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തത്. പേരുകൾ രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ ജഡ്ജിമാർ സ്ഥാനമേൽക്കും.

ഇത്രയും അധികം പേരെ കൊളീജിയം ഒന്നിച്ച് ശിപാര്‍ശ ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമാണ്. പട്ടിക കേന്ദ്രം അംഗീകരിച്ചതോടെ ഭാവിയിൽ ഒരു വനിത ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തും. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി. നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍. ക്രമപ്രകാരം 2027ല്‍ ജസ്റ്റിസ് നാഗരത്‌ന ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകും.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ്. നരസിംഹ എന്നിവരും പട്ടികയിലുണ്ട്. 

പരമാവധി 34 ജഡ്ജിമാരാണ് സുപ്രീംകോടതിയിലുണ്ടാവുക. ഒമ്പത് പേർ പുതിയതായി എത്തുന്നതോടെ ഒരു ഒഴിവ് മാത്രമാണ് അവശേഷിക്കുക. 

Tags:    
News Summary - Government Approves Nine Judges For Elevation To Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.