‘ഗോലി മാറോ സാലോം കോ’ പ്രസംഗം വിദ്വേഷ കുറ്റകൃത്യമല്ല -സുപ്രീംകോടതി

ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ കുപ്രസിദ്ധമായ ‘ദേശ് കീ ഗദ്ദാറോം കോ ഗോലി മാറോ സാലോം കോ’ (രാജ്യത്തിന്റെ വഞ്ചകരെ വെടിവെക്കൂ) എന്ന പ്രസംഗം പൊലീസ് കേസെടുക്കേണ്ട കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി. 2020ൽ ഡൽഹി കലാപത്തിന് നിമിത്തമായെന്ന് രൂക്ഷ വിമർശനം നേരിട്ട അനുരാഗ് ഠാക്കൂറിന്റെ ഈ വിദ്വേഷ മുദ്രാവാക്യത്തിന് പുറമെ ഡൽഹി മന്ത്രി പർവേഷ് വർമ ഡൽഹി കലാപത്തിന് തൊട്ടുമുമ്പ് നടത്തിയ വിദ്വേഷ പ്രസംഗവും കേസെടുക്കേണ്ട കുറ്റകൃത്യമല്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധിച്ചു.

അനുരാഗ് ഠാക്കൂറും പർവേഷ് വർമയും നടത്തിയ പ്രസംഗങ്ങൾ ഏതെങ്കിലും പ്രത്യേക സമുദായത്തിനെതിരല്ലെന്നും അക്രമത്തിനുള്ള പ്രകോപനമല്ലെന്നും ക്രമസമാധാനഭംഗം വരുത്തുന്നതല്ലെന്നുമുള്ള ഡൽഹി ഹൈകോടതി നിലപാട് സുപ്രീംകോടതി ശരിവെച്ചു. ശാഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ഇരുവരും നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കണമെന്ന ആവശ്യം 2020ൽ ഡൽഹി വിചാരണ കോടതിയും ഡൽഹി ഹൈകോടതിയും തള്ളിയതിനെതിരെ സി.പി.എം നേതാക്കളായ കെ.കെ. തിവാരിയും ബൃന്ദാ കാരാട്ടും സമർപ്പിച്ച അപ്പീൽ തള്ളിയാണ് ബെഞ്ചിന്റെ വിധി.

‘അനുരാഗ് ഠാക്കൂറും പർവേഷ് ശർമയും നടത്തിയ പ്രസംഗങ്ങളും 2020 ഫെബ്രുവരി 26ന് വിചാരണ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടും അടക്കമുള്ള കേസ് രേഖകൾ സുക്ഷ്മമായി പരിശോധിച്ചുവെന്നും അതേ തുടർന്ന് ഇരുവരും നടത്തിയ പ്രസംഗങ്ങൾ കേസെടുക്കേണ്ട കുറ്റകൃത്യമല്ലെന്നുള്ള തീർപ്പിലാണ് തങ്ങൾ എത്തിയതെന്നും വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.

രണ്ടുപേരും എം.പിമാരായിരുന്നതിനാൽ അവർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് മുൻകൂർ അനുമതി വേണമെന്ന വിചാരണ കോടതിയുടെയും ഡൽഹി ഹൈകോടതിയുടെയും നിലപാട് സുപ്രീംകോടതി തള്ളി. ഇതിന് പുറമെ, മുസ്‍ലിംകൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ തടയണമെന്നും കോവിഡ് കാലത്ത് തബ്‍ലീഗ് ജമാഅത്തിനും നിസാമുദ്ദീൻ മർകസിനുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചാനലുകൾക്കും സർക്കാർ ഏജൻസികൾക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ളതടക്കം വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരായ 13 ഹരജികളും കേസെടുക്കാൻ നിർദേശം നൽകാതെ സുപ്രീംകോടതി തീർപ്പാക്കി.

Tags:    
News Summary - 'Goli maro salom ko' speech not a hate crime - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.