ജനറൽ അനിൽ ചൗഹാൻ

48 മണിക്കൂറിൽ ശരിയാക്കുമെന്ന് വീമ്പിളക്കി; 8 മണിക്കൂറിനുള്ളിൽ പാകിസ്താൻ വെടിനിർത്തലിന് വിളിച്ചുവെന്ന് ജനറൽ അനിൽ ചൗഹാൻ

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂറിനിടയിൽ' പാകിസ്താൻ വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇന്ത്യ ബോധപൂർവ്വം പ്രതികരണം വൈകിപ്പിച്ചതായി മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ അനിൽ ചൗഹാൻ. ദിപ്രിന്റിന്റെ 'ഓഫ് ദി കഫ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താൻ ലക്ഷ്യമിട്ട ആക്രമണങ്ങൾ അവയുടെ ഉദ്ദേശിച്ച ഫലം നൽകി എന്ന വിശ്വാസമാണ് പാകിസ്താനെ വെടിനിർത്തലിനായി പ്രേരിപ്പിച്ചത് എന്ന് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. അന്നേ ദിവസം രാവിലെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡി.ജി.എം.ഒ) ഹോട്ട്‌ലൈൻ വഴി പാകിസ്താൻ ഇന്ത്യയുമായി ബന്ധപ്പെട്ടെങ്കിലും, ഉച്ചവരെ പാകിസ്താൻ കാത്തിരിക്കണമെന്ന് ന്യൂഡൽഹി ബോധപൂർവ്വം തീരുമാനിക്കുകയായിരുന്നു.

തങ്ങൾ ഇന്ത്യയെ 48 മണിക്കൂറിനുള്ളിൽ ശരിയാക്കുമെന്ന തരത്തിലുള്ള വലിയ അവകാശവാദങ്ങളാണ് പാകിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ വെറും എട്ട് മണിക്കൂറിനുള്ളിൽ അവർ ഫോൺ ചെയ്യുകയായിരുന്നു. ഇത് തങ്ങൾക്ക് വലിയൊരു അദ്ഭുതമായിരുന്നുവെന്നും, അപ്പോഴേക്കും തങ്ങളുടെ പ്ലാനുകളുടെ പകുതി പോലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ജനറൽ ചൗഹാൻ ഓർത്തെടുത്തു. വെടിനിർത്തലിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരുന്നു. പാകിസ്താനിലെ ഒരു സൈനിക കേന്ദ്രവും ഇന്ത്യൻ സായുധ സേനയുടെ പരിധിക്ക് പുറത്തല്ല എന്ന് കാണിച്ചുകൊടുക്കുന്നതിനായി കൂടുതൽ ആക്രമണ തരംഗങ്ങൾ അന്ന് പ്ലാൻ ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന്റെ വ്യോമസേനാ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുകൊണ്ട് സർഗോധ, നൂർ ഖാൻ തുടങ്ങിയ പ്രധാന പാകിസ്താൻ വ്യോമതാവളങ്ങളിൽ മെയ് 10-ന് പുലർച്ചെ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയിരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടായ ആക്രമണങ്ങൾ ഇന്ത്യക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും എന്നും, ഇനി സംസാരിക്കുന്നതാണ് നല്ലത് എന്നും അവിടുത്തെ സൈനിക പ്ലാനർമാർ കരുതിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. ഒടുവിൽ മെയ് 10-ന് ന്യൂഡൽഹിയും ഇസ്‍ലാമാബാദും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.  

Tags:    
News Summary - Ex-defence chief Anil Chauhan recalls Operation Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.