ന്യൂഡൽഹി: കായിക മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഖേലോ ഇന്ത്യ പദ്ധതിയിൽ പരിഷ്കരണവുമായി കേന്ദ്ര സർക്കാർ. പഞ്ചവത്സര പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ചെലവ് പങ്കിടുന്നതിനായി സംസ്ഥാനങ്ങൾക്ക് 565 കോടി രൂപ അനുവദിച്ചു. പദ്ധതിക്കായി 29054 കോടി രൂപയും ദേശീയ സ്പോർട്സ് ഫെഡറേഷൻസ് സ്കീമിനുള്ള സഹായത്തിനായി 7387 കോടി രൂപയും നൽകുന്നത് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ യാഴ്ച അംഗീകരിച്ചിരുന്നു.
കേന്ദ്ര വിഹിതം 28489 കോടി രൂപയായിരിക്കുമെന്നും സംസ്ഥാന വിഹിതം 565 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്നും കായിക മന്ത്രാലയം അറിയിച്ചു. ഓരോ സംസ്ഥാനത്തിനും അനുവദിച്ച വിഹിതത്തിന്റെ വിശദാംശങ്ങൾ മന്ത്രാലയം നൽകിയിട്ടില്ല.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര-സംസ്ഥാന ഫണ്ടിങ് അനുപാതം 60:40 ആയിരിക്കും. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ 90 ശതമാനം ചെലവും കേന്ദ്ര സർക്കാർ വഹിക്കും. കേന്ദ്രഭരണ പ്രദേശങ്ങളിലെ വികസനങ്ങൾക്ക് മുഴുവൻ തുകയും കേന്ദ്ര സർക്കാർ നൽകും. പുതിയ വിഹിതം മുൻ ഖേലോ ഇന്ത്യ പദ്ധതിക്കായി നീക്കിവെച്ചിരുന്ന ഫണ്ടിന്റെ എട്ടിരട്ടിയാണെന്ന് കായിക മന്ത്രാലയം അറിയിച്ചു. നിലവിൽ 22 കായിക ഇനങ്ങളിലായി ഏകദേശം 3000 ഖേലോ ഇന്ത്യ അത്‌ലറ്റുകളാണുള്ളത്.
വിവിധ അന്താരാഷ്ട്ര മത്സരങ്ങളുടെ നടത്തിപ്പിനും മറ്റും ധനസഹായം നൽകുകയാണ് സ്പോർട്സ് ഫെഡറേഷൻസ് സ്കീമിലൂടെ ഉദ്ദേശിക്കുന്നത്. ഈ മാസം ഡൽഹിയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്, അടുത്ത വർഷം നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് റിലേ, 2028ലെ വേൾഡ് അത്‌ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്, 2029 ലെ വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസ് എന്നിവക്ക് ഈ പദ്ധതി വഴി ധനസഹായം ലഭിക്കും. 2030ൽ അഹ്മദാബാദിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് തയാറെടുക്കുന്നതിനും 2036ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസ് ആതിഥേയത്വം നേടിയെടുക്കുന്നതിനും സ്പോർട്സ് ഫെഡറേഷൻസ് സ്കീമിന്റെ ഫണ്ടുകൾ ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.