‘ഞാൻ ഇര, 62 വയസ്സായി, ഭാര്യയുണ്ട്’ -ദയ കാണിക്കണമെന്ന് കോടിതിയോട് തരുൺ തേജ്പാൽ

പനാജി: 2013ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതിയിൽ ദയ അപേക്ഷിച്ച് മുൻ തെഹൽക മുൻ എഡിറ്ററും അന്വേഷണാത്മക മാധ്യമപ്രവർത്തകനുമായ തരുൺ തേജ്പാൽ. തനിക്കിപ്പോൾ 62 വയസ്സായെന്നും തന്നെ ഒരു ഇരയായാണ് കരുതുന്നതെന്നും അദ്ദേഹം ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന് മുന്നിൽ വാദിച്ചു.

2021ൽ ഗോവ സെഷൻസ് കോടതി തേജ്പാലിനെ വെറുതെവിട്ട വിധി ചോദ്യം ചെയ്ത് ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണായക ശിക്ഷാവിധി വന്നത്. 2013 നവംബർ ഏഴ്, എട്ട് തീയതികളിൽ തഹൽക സംഘടിപ്പിച്ച ‘തിങ്ക് ഫെസ്റ്റ്’ പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് തേജ്പാൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. തുടർന്ന് അതേവർഷം നവംബർ 30നാണ് അദ്ദേഹം അറസ്റ്റിലായത്.

‘എനിക്ക് 62 വയസ്സായി, ഞാൻ ഒരു ഇരയാണെന്നാണ് കരുതുന്നത്. എനിക്കൊരു ഭാര്യയുണ്ട്, കൂടുതലൊന്നും പറയാനില്ല. ഞങ്ങൾക്ക് ഇനി അപ്പീൽ നൽകാൻ അവസരമുണ്ട്. എന്നോട് ദയ കാണിക്കണം, ബാക്കി എല്ലാ വസ്തുതകളും കോടതി രേഖകളിൽ ഉണ്ടല്ലോ’- കോടതിയിൽ തേജ്പാൽ അപേക്ഷിച്ചു.

അതേസമയം, ഇരയായ യുവതി തുടർച്ചയായി ‘നോ’ എന്ന് പറഞ്ഞിട്ടും തേജ്പാൽ അതിനെ വകവെച്ചില്ലെന്ന് ഗോവ സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ശക്തമായി വാദിച്ചു. തേജ്പാലിന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേജ്പാലിനെതിരെ മറ്റ് കേസുകളോ പരാതികളോ നിലവിലില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയപ്പോഴാണ് തേജ്പാൽ നേരിട്ട് കോടതിയോട് ദയാഹർജി ഉന്നയിച്ചത്.

എന്നാൽ ഈ വാദങ്ങളെ എതിർത്ത സോളിസിറ്റർ ജനറൽ ഇങ്ങനെ നിരീക്ഷിച്ചു: ‘സ്വന്തം മകളുടെ പ്രായമുള്ള പെൺകുട്ടിയോടാണ് ഒരു പിതൃതുല്യസ്ഥാനത്ത് നിൽക്കേണ്ടയാൾ ഈ കുറ്റം ചെയ്തത്. ആദ്യ ദിവസം എതിർപ്പ് പ്രകടിപ്പിച്ചിട്ടും തൊട്ടടുത്ത ദിവസവും അദ്ദേഹം പീഡനം തുടർന്നു. ഒരു പെൺകുട്ടി ‘നോ’എന്ന് പറഞ്ഞാൽ അതിനർഥം ‘നോ’ എന്ന് തന്നെയാണ് എന്ന വ്യക്തമായ സന്ദേശം സമൂഹം ഈ വിധിയിലൂടെ ഉൾക്കൊള്ളണം. അതിനാൽ ഇയാൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണം’.

തരുൺ തേജ്പാലിനെ ബലാത്സംഗ കേസിൽ വെറുതെവിട്ട ഗോവയിലെ വിചാരണ കോടതി വിധി ബോംബെ ഹൈകോടതിയാണ് റദ്ദാക്കിയത്.

2021ലാണ് വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടത്. കേസിൽ വിശദവാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. 2017ൽ മാപ്സ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. തുടർന്ന് 2021ൽ തേജ്പാലിനെ കോടതി വെറുതെവിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - ദയ കാണിക്കണമെന്ന് കോടിതിയോട് തരുൺ തേജ്പാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.