സംഭലിലെ സംഘർഷം
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജാമിയ മസ്ജിദുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ കമീഷന്റെ കണ്ടെത്തലുകൾ പൂർണമായും തള്ളി സമാജ്‌വാദി പാർട്ടി എം.പി സിയാഉർ റഹ്മാൻ ബർഖ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് തങ്ങളോ പൊതുജനങ്ങളോ അല്ലെന്നും, മറിച്ച് പൊലീസും പ്രാദേശിക ഭരണകൂടവും ചേർന്നാണ് അക്രമങ്ങൾ ആസൂത്രണം ചെയ്തത് എന്നും എം.പി ആരോപിച്ചു. സംഭൽ സംഘർഷം മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്നും, സിയാഉർ റഹ്മാൻ ബർഖ് എംപി, എം.എൽ.എയുടെ മകൻ സുഹൈൽ ഇഖ്ബാൽ, ജാമിയ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ എന്നിവർക്ക് ഇതിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് ജസ്റ്റിസ് (റിട്ട.) ദേവേന്ദ്ര കുമാർ അറോറ അധ്യക്ഷനായ മൂന്നംഗ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
ഉത്തർപ്രദേശ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് പേരുടെ മരണത്തിൽ പൊലീസിന് പൂർണമായും ക്ലീൻ ഷീറ്റ് നൽകിയിരുന്നു. എന്നാൽ, ജുഡീഷ്യൽ കമീഷന്റെ ഈ റിപ്പോർട്ട് വസ്തുത വിരുദ്ധവും ഏകപക്ഷീയവുമാണെന്നും സിയാഉർ റഹ്മാൻ ബർഖ് പ്രതികരിച്ചു. മസ്ജിദ് സർവേയുടെ പേരിൽ പൊലീസും ഭരണകൂടവും ജനങ്ങളെ പ്രകോപിക്കുകയായിരുന്നു. നിരപരാധികളായ മനുഷ്യരെ വെടിവെച്ചുകൊന്ന സംഭവത്തിൽ പൊലീസിനെ രക്ഷപ്പെടുത്താനും മുസ്ലിം സമുദായ നേതാക്കളെയും ജനപ്രതിനിധികളെയും പ്രതികൂട്ടിൽ ആക്കാനുമാണ് കമീഷൻ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജാമിയ മസ്ജിദിൽ നടന്ന രണ്ടാം ഘട്ട സർവേയ്ക്കിടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രകോപനമില്ലാതെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് നാല് യുവാക്കൾ കൊല്ലപ്പെട്ടതെന്ന് പ്രാദേശികവാസികളും മസ്ജിദ് കമ്മിറ്റിയും ആരോപിച്ചിരുന്നെങ്കിലും കമ്മീഷൻ ഈ വാദം തള്ളുകയായിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പോരാടുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കി.
അതേസമയം, സമാജ്‌വാദി പാർട്ടി എം.പി മൊഹിബുല്ലാഹ് നദ്‌വി ബർഖിനെയും സുഹൈൽ ഇഖ്ബാലിനെയും പിന്തുണച്ച് രംഗത്തെത്തി. ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയത് മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സ്ഥിതിഗതികൾ ശാന്തമാക്കാൻ അവർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പൊലീസ് വെടിവെപ്പിൽ കൂടുതൽ പേര് കൊല്ലപെടുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
2024 നവംബർ 19-നാണ് സംഭവങ്ങളുടെ തുടക്കം. പതിനാറാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഷാഹി ജാമിയ മസ്ജിദ് സ്ഥിതിചെയ്യുന്നത് കൽക്കി ഭഗവാനായി സമർപ്പിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഹരിഹർ ക്ഷേത്രത്തിന് മുകളിലാണെന്ന് അവകാശപ്പെട്ട് ഹൈന്ദവ ഹരജിക്കാർ സംഭൽ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നവംബർ 19-നും 24-നും പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടു. ഇതിൽ രണ്ടാമത് നടന്ന സർവേയാണ് വലിയ അക്രമസംഭവങ്ങളിലേക്ക് നയിച്ചത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവില് റൈറ്റ്സും (APCR) കാർവാനെ മൊഹബത്തും ചേർന്ന് 2025 ജൂലൈയിൽ പുറത്തുവിട്ട ‘സംഭൽ: അനാട്ടമി ഓഫ് ആൻ എൻജിനീയർഡ് ക്രൈസിസ്’ എന്ന സ്വതന്ത്ര വസ്തുതാന്വേഷണ റിപ്പോർട്ടിൽ, 2024 നവംബറിലുണ്ടായ അക്രമങ്ങളെ "ആസൂത്രിതമായ മുസ്‌ലിം വിരുദ്ധ അതിക്രമം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെയും പൊലീസ് കൊലപാതകങ്ങളിലൂടെയും വ്യവസ്ഥാപിതമായ അടിച്ചമർത്തലുകളിലൂടെയുമാണ് ഇത് നടപ്പിലാക്കിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഷാഹി ജാമിയ മസ്ജിദിൽ കോടതി ഉത്തരവുപ്രകാരം നടന്ന രണ്ടാമത്തെ സർവേയ്ക്കിടെ ഉയർന്ന പ്രകോപനപരമായ ഹിന്ദുത്വ മുദ്രാവാക്യങ്ങളും പള്ളിയുടെ പവിത്രത ലംഘിച്ച സംഭവങ്ങളുമാണ് പ്രതിഷേധങ്ങൾക്ക് കാരണമായതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഈ പ്രതിഷേധങ്ങളെ ലാത്തിച്ചാർജ്ജ്, കണ്ണീർവാതകം, പൊലീസിന്റെ നേരിട്ടുള്ള വെടിവെപ്പ് എന്നിവ ഉപയോഗിച്ചാണ് നേരിട്ടത്. ഇതിന്റെ ഫലമായി പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെടുകയും ചെയ്തു. അക്രമങ്ങൾക്ക് ശേഷം നടന്ന നടപടികളിൽ കൂടുതലും മുസ്‌ലിംകളായ 85-ലധികം ആളുകളെ അറസ്റ്റ് ചെയ്തതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും കടുത്ത പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സംഭലിൽ നടന്ന സംഭവങ്ങൾ "നിർമിതമായതാണെന്നും" ഇത് "അയോധ്യയിലേക്കുള്ള വഴിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും" കാർവാനെ മൊഹബത്ത് സ്ഥാപകൻ ഹർഷ് മന്ദർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.