പടക്കങ്ങൾക്ക് പൂർണ നിരോധനമില്ല; സമയനിയന്ത്രണമാണ് പ്രായോഗികം: സുപ്രീംകോടതി
ന്യൂഡൽഹി: പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നത് മത വികാരങ്ങളെ ബാധിക്കുമെന്നും അതേസമയം മുഴുവൻ സമയവും പടക്കം പൊട്ടിക്കാൻ അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി. നിശ്ചിത സമയപരിധി നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്ന ഇടക്കാല പരിഹാരമാണ് ആവശ്യമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൂർണ നിരോധനത്തിന് അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, 24 മണിക്കൂറും പടക്കം പൊട്ടിക്കാൻ അനുവദിക്കുന്നത് വയോധികർക്കും രോഗികൾക്കും കുട്ടികൾക്കും മറ്റു ജീവജാലങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. കൃത്യമായ സമയപരിധി നിശ്ചയിക്കുന്നതിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്താനാകുമെന്നാണ് ബെഞ്ചിന്റെ വാക്കാൽ പരാമർശം.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ എൻവിറോൺമെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എസ്.ഐ.ആർ- എൻ.ഇ.ഇ.ആർ.ഐ) വികസിപ്പിച്ച പുതിയ തലമുറ 'ജോയിന്റ് ഹരിത പടക്കങ്ങൾക്ക്' നിബന്ധനകളോടെ ഇളവ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സമർപ്പിച്ച കുറിപ്പിൽ വ്യക്തമാക്കി. ബേരിയം ലവണങ്ങളുടെ ഉപയോഗം കുറച്ചാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്.
ലൈസൻസുള്ള നിർമാതാക്കൾ മാത്രം നിർമിക്കുന്നതും, ശബ്ദപരിധിയായ 125 dB(AI)/145 dB(C) peak പരിപാലിക്കുന്നതും നിരോധിത രാസവസ്തുക്കൾ അടങ്ങാത്തതുമായ ഇത്തരം പടക്കങ്ങൾ അനുവദിക്കാമെന്നാണ് നിർദേശം. പടക്കങ്ങളിൽ ബേരിയം ഉപയോഗിക്കുന്നത് സംബന്ധിച്ച വിഷയം ഒക്ടോബർ 15-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷവും ദീപാവലിയോട് അനുബന്ധിച്ച് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) ഹരിത പടക്കങ്ങളുടെ വിൽപനക്കും ഉപയോഗത്തിനും കൃത്യമായ സമയക്രമങ്ങളോടെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.