ഗോതമ്പിന്റെ താങ്ങുവില ഉയർത്തി; 25 രൂപ വർധിപ്പിച്ചെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: റാബി വിപണനത്തിൽ അടുത്ത വർഷത്തേക്കുള്ള ഗോതമ്പിന്റെ മിനിമം താങ്ങുവില (എം.എസ്.പി) ക്വിന്റലിന് 25 രൂപ വർധിപ്പിച്ച് കേന്ദ്രം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പുതിയ തീരുമാനത്തോടെ ഗോതമ്പിന്റെ എം.എസ്.പി ക്വിന്റലിന് 2,610 രൂപയായി ഉയർന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് കൃഷി മന്ത്രാലയം സമർപ്പിച്ച ശിപാർശ അംഗീകരിച്ചത്. ഗോതമ്പിന്റെ ഉൽപാദനച്ചെലവ് ക്വിന്റലിന് 1,264 രൂപയാണെങ്കിലും കർഷകർക്ക് ഇരട്ടിയിലധികം തുക പിന്തുണ വിലയായി ലഭ്യമാക്കാൻ സർക്കാറിന് സാധിച്ചതായി മന്ത്രി അവകാശപ്പെട്ടു.

ഗോതമ്പിന് പുറമെ മറ്റ് അഞ്ച് റാബി വിളകളുടെ താങ്ങുവിലയിലും മന്ത്രിസഭ മാറ്റം വരുത്തിയിട്ടുണ്ട്. മൈസൂർ പരിപ്പിന് ക്വിന്റലിന് 7,390 രൂപയാക്കി ഉയർത്തി. 390 രൂപയുടെ വർധനയാണിത്. കടുക് ക്വിന്റലിന് 6,613 രൂപ (413 രൂപയുടെ വർധന), കുങ്കുമപ്പൂവ് ചെടി ക്വിന്റലിന് 7,215 രൂപ (675 രൂപയുടെ വർധന) കടല ക്വിന്റലിന് 5,958 രൂപ (83 രൂപയുടെ വർധന), ബാർലി ക്വിന്റലിന് 2,286 രൂപ (136 രൂപയുടെ വർധന) എന്നിങ്ങനെയാണ് മറ്റു വിളകളുടെ പുതിയ നിരക്ക്.

2027-28 വിപണന വർഷത്തിൽ മൊത്തം 324 ലക്ഷം ടൺ വിളവെടുപ്പ് പ്രതീക്ഷിക്കുന്നതായും ഇതുവഴി കർഷകർക്ക് ആകെ 90,962 കോടി രൂപ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.എ.സി.പി കമീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കൃഷി മന്ത്രാലയം പിന്തുണ വില നിശ്ചയിച്ചത്. ഉൽപാദനച്ചെലവ്, എൽ നിനോ ഭീഷണി, ആഭ്യന്തര-ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾ എന്നിവ കണക്കിലെടുത്താണ് വില നിർണയം.

2026-27 വിളവെടുപ്പ് വർഷത്തിൽ രാജ്യം 121 ദശലക്ഷം ടൺ ഗോതമ്പ് ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രധാന ശീതകാല വിളയായ ഗോതമ്പിന്റെ വിതയ്ക്കൽ ഒക്ടോബറിൽ ആരംഭിച്ച് ഏപ്രിലോടെ വിളവെടുപ്പ് പൂർത്തിയാകും.

Tags:    
News Summary - Centre Hikes Wheat MSP by ₹25 to ₹2,610 Per Quintal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.