‘ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) പൂർണ്ണമായി ഒഴിവാക്കി വീണ്ടും ബാലറ്റ് പേപ്പർ വോട്ടുകളിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്സ് നേതാവ് മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും ഇന്ത്യൻ ജനാധിപത്യം ഗുരുതരമായ ഭീഷണി നേരിടുകയാണെന്നും ഡൽഹിയിൽ വെച്ച് ചേർന്ന 'ഇൻഡ്യ' സഖ്യ യോഗത്തിൽ ഖാർഗെ കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും, വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ഖാർഗെ സംസാരിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുക , വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിന് മുമ്പ് ശക്തമായ അപ്പീൽ സംവിധാനം ഒരുക്കുക, അടുത്ത തെരഞ്ഞെടുപ്പുകൾ പഴയ വോട്ടർ പട്ടിക പ്രകാരം നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഖാർഗെ യോഗത്തിൽ ഉന്നയിച്ചു.
വോട്ടർപട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 13.3 കോടി വോട്ടർമാരെ ഒഴിവാക്കിയത് ഞെട്ടിക്കുന്ന കാര്യമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങുക മാത്രമാണ് ഏക പോംവഴിയെന്നും ഇന്ത്യാസഖ്യം യോഗത്തിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.