കോട്ട: നീറ്റ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ 17കാരനായ നീറ്റ് വിദ്യാർഥിക്കും മാതാവിനുമെതിരെ ബലാത്സംഗത്തിനും ആത്മഹത്യാപ്രേരണക്കും കേസെടുത്ത് പൊലീസ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നീറ്റ് വിദ്യാർഥിയായ പെൺകുട്ടി ബുധനാഴ്ച കെട്ടിടത്തിന്റെ 10 ാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു.
പോസ്റ്റ് മോർട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ പിതാവാണ് നീറ്റ് വിദ്യാർഥിക്കും മാതാവിനുമെതിരെ പരാതി നൽകിയത്. കുൻഹാരി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തത്. പിതാവ് നൽകിയ പരാതിയിൽ 17 കാരനും അമ്മക്കുമെതിരെ ബലാത്സംഗവും ആത്മഹത്യാപ്രേരണയും ആരോപിക്കുന്നുണ്ട്.
ആത്മഹത്യക്ക് തൊട്ടുമുമ്പ് പെൺകുട്ടി രക്ഷിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമായി കുറിപ്പെഴുതിയിരുന്നു. ആത്മഹത്യ ചെയ്ത കെട്ടിടത്തിൽ തന്നെ സഹോദരങ്ങൾക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഓൺലൈനായി നീറ്റ് പരിശീലനം ചെയ്യുകയായിരുന്നു. എന്നാൽ കോച്ചിങ് സെന്ററുകളിലൊന്നും പോയിരുന്നില്ല.
കേസിൽ ആരോപണ വിധേയനായ നീറ്റ് വിദ്യാർഥി അമ്മയോടൊപ്പം അതേ കെട്ടിടത്തിന്റെ നാലാം നിലയിലാണ് കഴിയുന്നത്. ഒരിക്കൽ മകനോടൊപ്പം ഈ പെൺകുട്ടിയെ ഒരേ മുറിയിൽ കണ്ട അമ്മ, പെൺകുട്ടിയെ നിരന്തരം ഉപദ്രവിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആൺകുട്ടിയെയും മാതാവിനെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മനഃശാസ്ത്ര വിദഗ്ധരെ കാണുക. സഹായത്തിന് -1056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.