ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരായി പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി. ഔചിത്യം, രാഷ്ട്രീയ പ്രസംഗം, നിയമ വ്യവസ്ഥ എന്നിവ സംബന്ധിച്ച് കോൺഗ്രസ് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു.
മാപ്പു പറയാൻ ഞാൻ സവർക്കറല്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെയും ഹർദീപ് വിമർശിച്ചു. ‘സവർക്കറിനെപോലെയുള്ള ആളുകളുടെ സംഭാവനകളെ കുറിച്ച് എന്തെങ്കിലും നിങ്ങൾക്ക് അറിയുമോ? കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ നിങ്ങൾക്ക് കിട്ടിയത് കഴുതയെയാണ്.’ - മന്ത്രി പറഞ്ഞു.
നിങ്ങൾ എന്താണ് എന്നത് നോക്കിയാണ് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കുന്നത്. കോടതിയിലെ തീരുമാനത്തിനെതിരെ കോടതിയിലാണ് പോരാടേണ്ടതെന്നും ഹർദീപ് പുരി പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഇന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് രംഗത്തെത്തിയിരുന്നു. പ്രതിഷേധ സൂചകമായി പാർലമെന്റിൽ കറുത്ത വസ്ത്രമണിഞ്ഞായിരുന്നു പ്രതിപക്ഷ എം.പിമാർ എത്തിയത്. തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമുൾപ്പെടെ കോൺഗ്രസ് വിരോധികളും പ്രതിഷേധത്തിൽ അണിചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.