സ്വകാര്യ സ്ഥാപനങ്ങൾ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ സംവിധാനങ്ങളുടെ കൈവശമുള്ള വ്യക്തിഗത വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഇത്തരം വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. നിയമപരമായ ബാധ്യതയുടെ ഭാഗമായി വ്യക്തികൾ സർക്കാരിന് കൈമാറുന്ന വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.

പിയൂഷ് ശർമ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. പ്രൊവിഡന്റ് ഫണ്ട്, ആദായനികുതി രേഖകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സ്വകാര്യ തൊഴിൽ പരിശോധനാ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നുവെന്നാണ് ഹർജിക്കാരന്റെ ആരോപണം.

പാൻ, യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ മാത്രം ഉപയോഗിച്ച് ഒരാളുടെ മുഴുവൻ ജോലി സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ കഴിയുന്നതായി ഹരജിക്കാരൻ കോടതിയെ അറിയിച്ചു. ഇതിനായി ഒ.ടി.പി പരിശോധന നടന്നില്ലെന്നും വ്യക്തമായ സമ്മതം തേടിയില്ലെന്നും തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനുള്ള ആവശ്യമായ അനുമതി നടപടികളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ ഏജൻസികളിൽനിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് ആരോപിക്കുന്നില്ലെന്ന് ഹരജിക്കാരൻ വ്യക്തമാക്കി. എന്നാൽ വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് കൈമാറുന്ന വ്യക്തിഗത വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതുണ്ടെന്നും ഹരജിയിൽ പറയുന്നു.

വിഷയം ഗൗരവമുള്ളതാണെന്ന് കോടതി വിലയിരുത്തിയെങ്കിലും ഇത് പ്രധാനമായും നയപരമായ തീരുമാനത്തിലൂടെ പരിഹരിക്കേണ്ട വിഷയമാണെന്ന് വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര സർക്കാരിന് രണ്ട് വിശദമായ നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്ന് ഹരജിക്കാരൻ അറിയിച്ചതിനെ തുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു.

Tags:    
News Summary - Supreme Court Flags Data Misuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.