ബാങ്ക് ജീവനക്കാരുടെ പണിമുടക്കും അവധികളും; സെപ്റ്റംബറിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, തിയതികൾ ഇതാ

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ഇടപാടുകാർക്ക് മുന്നറിയിപ്പുമായി പുതിയ വാർത്ത. വരും മാസത്തിൽ രാജ്യത്ത് ബാങ്കുകൾ തുടർച്ചയായി ദിവസങ്ങളോളം അടഞ്ഞുകിടന്നേക്കും. പൊതുഅവധികൾക്ക് പുറമേ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ശക്തമായ പണിമുടക്കിലേക്ക് നീങ്ങുന്നതോടെയാണ് സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്ന രീതിയിൽ ബാങ്ക് പ്രവർത്തനം തടസ്സപ്പെടുന്നത്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ച് ദിവസമാക്കണമെന്ന ദീർഘകാലമായുള്ള ശുപാർശ രണ്ടര വർഷം പിന്നിട്ടിട്ടും കേന്ദ്രസർക്കാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരത്തിനിറങ്ങുന്നത്. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്‌.ബി.യു) നേതൃത്വത്തിലാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബർ മാസത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമായും പണിമുടക്ക് നടക്കുക. ആദ്യഘട്ടത്തിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ച ജീവനക്കാർ പണിമുടക്കും. തൊട്ടടുത്ത ദിവസങ്ങളായ ശനിയും ഞായറും വാരാന്ത്യ അവധികൾ കൂടിയെത്തുന്നതോടെ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് സേവനങ്ങൾ പൂർണ്ണമായും മുടങ്ങും. വിനായകചതുർഥി അവധിയുള്ള ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച കൂടി ബാങ്കുകൾ അടഞ്ഞുകിടക്കുന്നതോടെ തടസ്സം നാല് ദിവസമായി നീളും.

ഇതിനുശേഷമുള്ള രണ്ടാം ഘട്ട സമരം അതിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സെപ്റ്റംബർ 28, 29, 30 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി വരുന്ന നാലാം ശനിയും ഞായറും കൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസമാണ് ബാങ്കുകളുടെ പ്രവർത്തനം നിലയ്ക്കുക.

പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് യൂണിയനുകളുടെ തീരുമാനം. എ.ടി.എം സേവനങ്ങളെയും ചെക്ക് ക്ലിയറിംഗിനെയും വരെ സമരം ബാധിക്കാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ പണമിടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് പൂർത്തിയാക്കുന്നതാവും ഉചിതം.

Tags:    
News Summary - Banks Likely to Remain Closed for Consecutive Days in September Due to Strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.