ജയ്പൂര്‍: സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് നിയമസഭയിൽ വിമർശനമുന്നയിച്ച മന്ത്രിയെ പുറത്താക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മന്ത്രി രാജേന്ദ്ര സിങ് ഗുധയാണ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ പുറത്തായത്. മണിപ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്ത്രീ സുരക്ഷയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച മന്ത്രിക്ക് കസേര തെറിച്ചത്.
മന്ത്രി രാജേന്ദ്ര സിങ് ഗുധയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട് ശുപാര്‍ശ ചെയ്തുവെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഇത് അംഗീകരിച്ചുവെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജസ്ഥാൻ അഴിമതി നിറഞ്ഞ സംസ്ഥാനമാണെന്നും പൊലീസുകാർ കൈക്കൂലി വാങ്ങുന്ന തിരക്കിലാണെന്നും മന്ത്രി വിമർശിച്ചിരുന്നു
നിയമ സഭയിൽ കോണ്‍ഗ്രസ് എം.എൽ.എമാരാണ് മണിപ്പൂര്‍ വിഷയം ഉന്നയിച്ചത്. അതിനിടെയാണ് മന്ത്രി സ്വന്തം സര്‍ക്കാരിനെതിരെ പരമാര്‍ശം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്നതാണ് സത്യമെന്ന് എന്നാണ് മന്ത്രി പറഞ്ഞത്. 'രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന നമ്മള്‍ ആത്മപരിശോധന നടത്തണം' - എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
മന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്തിനാകെ നാണക്കേടാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഗ്രാമവികസനം, പഞ്ചായത്തിരാജ് എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു രാജേന്ദ്ര സിങ് ഗുധ. സത്യം പറയേണ്ടി വന്നതിന് കൊടുക്കേണ്ടി വന്നതിന് വില എന്നായിരുന്നു പുറത്താക്കിയതിനെ കുറിച്ച് ഗുധയുടെ പ്രതികരണം. ബി.എസ്.പിയിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് തന്റെ വിമത സ്വഭാവമെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. നേരത്തേ സച്ചിൻ പൈലറ്റുമായുള്ള ഭിന്നത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തിലും ഗുധ ഗെഹ്‍ലോട്ടിനെതിരെ സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.