representational Images
ബംഗളൂരു: കാസർകോട് നിർമിച്ച 2000 രൂപയുടെ 25 ലക്ഷം മൂല്യമുള്ള കള്ളനോട്ടുകൾ ബംഗളൂരു പൊലീസ് പിടികൂടി. ബംഗളൂരു നൃപതുംഗ റോഡിലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിന്ന് 500 രൂപയുടെ യഥാർത്ഥ നോട്ടുകൾ പകരം സ്വീകരിക്കാനുള്ള ശ്രമത്തിനിടെയാണ് നാല് മലയാളികൾ ഉൾപ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ് സംഘത്തെ പിടികൂടിയത്.
നോട്ടുകൾ ബംഗളൂരുവിൽ എത്തിച്ച മുഖ്യ സൂത്രധാരൻ കാസർകോട് സ്വദേശി അഫ്‌സൽ ഹുസൈൻ, അൻവർ, പർഷിത് എന്നിവരുടെ പേര് വിവരങ്ങളാണ് പുറത്തുവന്നത്. ഒരാൾ ബെല്ലാരി സ്വദേശിയാണ്. കാസർകോട് കേന്ദ്രീകരിച്ചാണ് സംഘം വ്യാജ കറൻസി അച്ചടിച്ചിരുന്നത്.
ഒരു കറൻസി പ്രിൻ്റിംഗ് മെഷീനും 29 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കറൻസി പേപ്പറുകളും പിടിച്ചെടുത്തു. മൊത്തം 54 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.
2000 രൂപയുടെ വ്യാജ നോട്ടുകൾ 500 രൂപ നോട്ടുകൾ ഉപയോഗിച്ച് മാറ്റിയെടുക്കുകയായിരുന്നു സംഘത്തിൻ്റെ രീതി. 2023 മെയ് മാസത്തിൽ 2000 രൂപ കറൻസി നോട്ടുകൾ പിൻവലിച്ചതായി ആർ.ബി.ഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തട്ടിപ്പിന് തുടക്കമിട്ടത്.
ഇഷ്യൂ ഡിപ്പാർട്ട്‌മെൻ്റുകളുള്ള ആർ.ബി.ഐയുടെ 19 റീജിയണൽ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഈ 2000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ കഴിയും.
'സെപ്തംബർ 9 ന്, ബല്ലാരിയിലെ സിരുഗുപ്പയിൽ നിന്നുള്ള അഫ്‌സൽ ഹുസൈൻ (29) 500 രൂപ നോട്ടുകളായി മാറുന്നതിനായി 24.68 ലക്ഷം രൂപയുടെ 2000 രൂപയുടെ 1,234 നോട്ടുകളുമായി ബെംഗളൂരുവിലെ ആർ.ബി.ഐയുടെ പ്രാദേശിക ഓഫീസിനെ സമീപിച്ചു. കറൻസികൾ പരിശോധിച്ചപ്പോൾ എല്ലാ നോട്ടുകളും വ്യാജമാണെന്ന് ബാങ്ക് അധികൃതർ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി അഫ്‌സലിനെ ഉടൻ തന്നെ വ്യാജ നോട്ടുകൾ സഹിതം ഹലാസുരു ഗേറ്റ് പൊലീസിന് കൈമാറി. തുടർന്നുള്ള അന്വേഷണത്തിൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചു.' -ഡി.സി.പി (സെൻട്രൽ) എച്ച്.ടി ശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.