ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: മെയ്ഡൻ കമ്പനിയോട് കഫ് സിറപ്പ് നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഹരിയാന സർക്കാർ

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗുണമേന്മ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

പരിശോധനയില്‍ പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സെന്‍ട്രല്‍ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനില്‍ വിജ് പറഞ്ഞു.

കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിര്‍മിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

കഫ് സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

Tags:    
News Summary - Gambia cough syrup deaths: haryana govt halts production at Sonepat pharma unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.