ബം​ഗ​ളൂ​രു​വി​ൽ തു​ട​ങ്ങി​യ ജി20 ​ഊ​ർ​ജ സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര ഊ​ർ​ജ​മ​ന്ത്രി ആ​ർ.​കെ. സി​ങ്

അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ർ

ജി20 ഊർജ സമ്മേളനം ബംഗളൂരുവിൽ തുടങ്ങി; ഊർജ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ചയില്ല- ഇന്ത്യ

ബംഗളൂരു: അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന പുക പുറന്തള്ളൽ കുറക്കാനും ഊർജ പരിവർത്തനത്തിനുമുള്ള നടപടികളിൽ ഇന്ത്യ മുന്നേറുകയാണെന്നും എന്നാൽ ഊർജ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്. ഊർജ മേഖലയിൽ മികവുറ്റ നടപടികൾ സ്വീകരിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലുണ്ട്.

ഊർജോൽപാദനത്തിനുള്ള ഉറവിടങ്ങളില്ലാത്ത ദരിദ്രരാജ്യങ്ങളുടെ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ തുടങ്ങിയ ജി20 ഊർജ സമ്മേളനത്തിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജി20 രാജ്യങ്ങൾ നേരിടുന്ന നിരവധി വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ മുന്നിലുണ്ടാകും.

ആഗോള ആഭ്യന്തര ഉൽപാദനത്തിന്‍റെ 85 ശതമാനവും ഉണ്ടാവുന്നത് ഈ രാജ്യങ്ങളിൽനിന്നാണ്. ആഗോള വ്യാപാരത്തിന്‍റെ 75 ശതമാനവും ഈ രാജ്യങ്ങളാണ് നടത്തുന്നത്. 2015ലെ പാരിസ് സമ്മേളനത്തിലെ പുകപുറന്തള്ളൽ കുറക്കാനുള്ള പദ്ധതി ഇന്ത്യയിൽ വിജയത്തിനടുത്തെത്തിയിരിക്കുകയാണ്. 2030ഓടെ 2005നെ അപേക്ഷിച്ച് പുകപുറന്തള്ളൽ 33 ശതമാനം കുറക്കുകയായിരുന്നു തീരുമാനം.

ജി20 ​ഊ​ർ​ജ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ഊ​ർ​ജ​പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ മാ​തൃ​ക പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

നിലവിൽതന്നെ ഇന്ത്യ 30 ശതമാനത്തിനടുത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി20 രാജ്യങ്ങളുടെ എനർജി ട്രാൻസിഷൻ വർക്കിങ് ഗ്രൂപ്പിന്‍റെ ആദ്യ സമ്മേളനമാണ് ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ ബംഗളൂരു അന്താരാഷ്ട്ര എക്സിബിഷൻ സെന്‍ററിൽ നടക്കുന്നത്. ‘ശുദ്ധമായ ഊർജത്തിന്‍റെ ആഗോള ലഭ്യത’ വിഷയത്തിലൂന്നിയാണ് സമ്മേളനം.

ജി20 അംഗങ്ങളടക്കം 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, യു.എ.ഇ, സ്പെയിൻ എന്നീ രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക്, ഐക്യരാഷ്ട്രസഭയുടെ അനുബന്ധ സംഘടനകൾ എന്നിവ സമ്മേളനത്തിന്‍റെ ഭാഗമാകും. ഫെബ്രുവരി ആറിന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. 

നഗരത്തിൽ ഗതാഗത നിയന്ത്രണം

ബംഗളൂരു: നഗരത്തിലെ വിവിധ റോഡുകളിൽ ഫെബ്രുവരി എട്ടുവരെ ഗതാഗതനിയന്ത്രണം.ജി20 ഊർജസമ്മേളനം നടക്കുന്നതിനാലാണിത്. ഈ ദിവസങ്ങളിൽ രാവിലെ ആറുമുതൽ രാത്രി പത്തുവരെയാണ് ഗതാഗത നിയന്ത്രണം.

മൈസൂരു-ബംഗളൂരു റോഡിൽനിന്നും ബെല്ലാരി-ബംഗളൂരു റോഡിൽനിന്നും വരുന്ന വാഹനങ്ങൾ ഈ ദിവസങ്ങളിൽ ബംഗളൂരു നഗരത്തിൽ പ്രവേശിക്കാൻ പാടില്ല.

Tags:    
News Summary - G20 Energy Summit begins in Bengaluru; No compromise on energy security- India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.