ഭാര്യയെ കൊലപ്പെടുത്തി ചൂളയിൽ കത്തിച്ചു, അവിഹിത ബന്ധമുണ്ടെന്ന് വരുത്തിതീർക്കാൻ ഭാര്യയുടെ ഫോണിൽ നിന്ന് അജ്ഞാതന് മെസേജുകൾ അയച്ച് ഭർത്താവ്

പുണെ: ബോളിവുഡ് ത്രില്ലറിനെ വെല്ലുന്ന സംഭവമാണ് പുനെയിൽ നടന്ന കൊലപാതകം. കഴിഞ്ഞ മാസമാണ് സമീർ ജാദവ് തന്‍റെ ഭാര്യ അഞ്ജലി സമീർ ജാദവിനെ കൊലപ്പെടുത്തിയത്. തുടർന്ന് അയാൾ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ദുഖിതനായും നിരാശ നടിച്ചും പലതവണയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്.

മാത്രമല്ല, കൊലപാതകത്തിന് ശേഷം, ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ഭാര്യയുടെ ഫോണിൽ നിന്ന് മറ്റൊരാൾക്ക് സന്ദേശങ്ങളും അയച്ചു. എന്തായാലും ഇയാൾ അവസാനം പിടിക്കപ്പെടുക തന്നെ ചെയ്തു. അജയ് ദേവ്ഗൺ അഭിനയിച്ച ദൃശ്യം എന്ന സിനിമ കുറഞ്ഞത് നാല് തവണ കണ്ടതിന് ശേഷമാണ് താൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അയാൾ പൊലീസിനോട് പറഞ്ഞു.

ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണ് പ്രതി ഭാര്യയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ സമീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതിനായി ഭാര്യയെ ഒഴിവാക്കുകയായിരുന്നു ഇയാളുടെ പദ്ധതി.

പ്രതിയായ സമീർ ജാദവും ഭാര്യ സ്വകാര്യ സ്കൂളിൽ അധ്യാപികയായ അഞ്ജലി സമീർ ജാദവും 2017ലാണ് വിവാഹിതരായത്. ഓട്ടോമൊബൈൽ ഡിപ്ലോമ ഹോൾഡർ ആയിരുന്ന ജാദവ് ഗാരേജ് നടത്തിയിരുന്നു. പൂനെയിലെ ശിവാനിയിൽ താമസിച്ചിരുന്ന ഇവർക്ക് മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്.

ഒക്ടോബർ 26 ന്, സമീർ ജാദവ് തന്റെ ഭാര്യയെ പുതിയ ഗോഡൗൺ കാണിക്കാൻ എന്ന വ്യാജേന താൻ വാടകക്ക് എടുത്തിരുന്ന ഒരു ഗോഡൗണിലേക്ക് കൊണ്ടുപോയി. അകത്തുകടന്ന ഉടനെ അയാൾ അവളെ ശ്വാസം മുട്ടിച്ചു കൊന്നു. കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി ഇയാൾ ഈ സ്ഥലത്ത് ഒരു നേരത്തേ ഒരു ചൂള നിർമിച്ചിരുന്നു.

സമീർ ജാദവ് അഞ്ജലിയുടെ മൃതദേഹം ചൂളയിൽ കത്തിച്ച് ചാരം അടുത്തുള്ള ഒരു നദിയിൽ വിതറി. ഈ സമയത്ത് കുട്ടികൾ ദീപാവലി അവധി ആഘോഷിക്കാനായി ഗ്രാമത്തിൽ പോയിരുന്നു.

പൊലീസിനും മറ്റുള്ളവർക്കും ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നുന്നതിനായി അഞ്ജലിയുടെ ഫോൺ ഉപയോഗിച്ച് തന്റെ ഒരു സുഹൃത്തിന് 'ഐ ലവ് യു' സന്ദേശം അയച്ചതായും തുടർന്ന് സന്ദേശത്തിന് സ്വയം മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തെളിവുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു ഇതെല്ലാം.

കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സമീർ പോലീസ് സ്റ്റേഷനിൽ എത്തി. കാണാതായ ഭാര്യയെപോലീസ് എപ്പോൾ കണ്ടെത്തുമെന്നും കൊലയാളിയെ കണ്ടെത്തുന്നതിൽ എന്തു ചെയ്തുവെന്നും ഇയാൾ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. ഈ പ്രകടനമാണ് ഇതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.

സമീറിന്‍റെ മൊഴികളും സാങ്കേതിക തെളിവുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. സമീർ ജാദവിന്റെ ചോദ്യം ചെയ്തതിലൂടെയും സി.സി.ടി.വി ദൃശ്യങ്ങളിലൂടെയും പൊലീസിന് ഭർത്താവ് തന്നെയാണ് ഭാര്യയെ കൊന്നതെന്ന് തെളിയിക്കാനായി. ഒടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ദൃശ്യം എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സമ്മതിക്കുകയും ചെയ്തു.

വാർജെ മാൽവാഡി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

Tags:    
News Summary - Furnace, "I Love You" Text: How Pune Man Tried To Cover Up Wife's Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.