ന്യൂഡൽഹി: ഒടുവിൽ 20 വർഷമായി ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ സുപരിചിതമായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വികസിത് ഭാരത്-ഗാരന്റീ ഫോർ റോസ്ഗർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന് മാറ്റിയതോടെ മോദി ഗവൺമെന്റ് അധകാരത്തിലെത്തിയശേഷം മാറ്റിയ പദ്ധതികളുടെയും നിയമങ്ങളുടെയും നഗരങ്ങളുടെയും പേരുകൾ നിരവധി.
വർഷങ്ങളായി ഇംഗ്ലീഷിൽ അറിയപ്പെട്ടിരുന്നവയൊക്കെ പതിയെ ഹിന്ദിയിലേക്ക് മാറ്റുന്നു. ബ്രിട്ടീഷ് കാലത്തിന്റെ പാരമ്പര്യം പേറുന്നവയെ ഇന്ത്യൻ പാരമ്പര്യത്തിലേക്കും ഭാഷയിലേക്കും മാറ്റുന്നു.
ഇതൊക്കെ ഭാഷാപരമെങ്കിൽ രാഷ്ട്രീയമായി നെഹ്രു കുടുംബത്തിന്റെയും ഗാന്ധിജിയുടെയും പേരിലുള്ളവയെ സംഘപരിവാർ കുടുംബത്തിലെ പ്രമുഖരുടെ പേരുകളിലേക്കാണ് മാറ്റുന്നത്. കൂടാതെ ഇതിനോടകം നിരവധി നഗരങ്ങളുടെ പേരുകൾ മുഗൾ നാമങ്ങളിൽ നിന്ന് പഴയ പേരുകളിലേക്ക് മാറിയിട്ടുണ്ട്.
നെഹ്രു-ഗാന്ധി കുടുംബങ്ങളിലെ പദ്ധതികളുടെ പേരുകൾ ബി.ജെ.പി-ജനസംഖ് കാലത്തുള്ള അടൽ ബിഹാരി വാജപേയി, ദീൻദയാൽ ഉപാധ്യായ തുടങ്ങിയവരുടെ പേരുകളിലേക്കാണ് മാറിയത്. ചില പേരുകൾ പ്രധാനമന്ത്രിയിൽ നിന്ന് സംസ്കൃത-ഭക്തി പാരമ്പര്യത്തിലെ പേരുകളിലേക്കാണ് മാറിയത്. പി.എം.ഒ എക്സിക്യൂട്ടീവ് ബോഡികളുടെ പേര് ‘സേവാ തീർത്ഥ്’ എന്നാണ് മാറ്റിയത്.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. നിർമൽ ഭാരത് അഭിയാൻ, സ്വച്ച് ഭാരത് അഭിയാൻ എന്നാക്കി. റൂറൽ എൽ.പി.ജി ഡിസ്ട്രീബ്യൂഷൻ പ്രോഗ്രാം ‘ഉജ്വല’ എന്നാക്കി. നെഹ്രുവിനെ വെറുത്തിരുന്നവർ ഒടുവിൽ ഗാന്ധിജിയെയും വെറുക്കുന്നതായി കോൺഗ്രസ് ആരോപിക്കുന്നു. ഗാന്ധിജിയുടെ പേരു മാറ്റി പൂജ്യ ബാപ്പു എന്നാക്കുന്നു. എന്താണ് ഗാന്ധിജി എന്ന പേരിന്റെ കുഴപ്പം എന്നും കോൺഗ്രസ് ചോദിക്കുന്നു.
കോൺഗ്രസ് ഗവൺമെന്റ് കൊണ്ടുവന്ന 32 സ്കീമുകളുടെ പേരാണ് മോദി ഗവൺമെന്റ് മാറ്റിയത്. ഇതിന്റെ ലിസ്റ്റ് കോൺഗ്രസ് പ്രസിദ്ധീകരിച്ചു. രാജ് ഭവനെ രാജ്നിവാസും ലോക് ഭവനെ ലോക് നിവാസും ആക്കി. രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള പാത രാജ്പഥ് എന്നത് കർത്തവ്യപഥ് എന്നാക്കി മാറ്റി.
പ്രശസ്തമായ റേസ് കോഴ്സ് റോഡ്, ലോക് കല്യാൺ മാർഗ് എന്നാക്കി. ഇന്ദിരാ ആവാസ് യോജന പ്രധാൻമന്ത്രി ആവാസ് യോജന ആയി. ജവഹർലാൽ നെഹ്രു നാഷണൽ അർബൻ റിന്യൂവൽ മിഷൻ അടൽ മിഷൻ ഫോർ റീജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത്) എന്നായി. രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതികരൺ യോജന എന്നത് ദീൻദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന എന്നായി മാറി. ഷിപ്പിങ് മന്ത്രാലയം പോർട്ട് മന്ത്രാലയമായി. മനുഷ്യവിഭവശേഷി മന്ത്രാലയം മിനിസ്ട്രി ഓഫ് എജുക്കേഷൻ ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.