ന്യൂഡൽഹി: മൂന്ന് വർഷത്തിന് ശേഷം വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹി സർവകലാശാലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ്- ബി.എ.എസ്.എഫ് (ഭീം ആർമി സ്റ്റുഡന്റ്സ് ഫെഡറേഷൻ) സഖ്യത്തിന്‍റെ നാമനിർദേശ പത്രിക കാരണം വ്യക്തമാക്കാതെ തള്ളിയതായി ആരോപണം. പ്രസിഡന്‍റ് സ്ഥാനാർഥി ഷൈലേന്ദർ സിങ്ങിന്‍റെയും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി യാസീൻ കെ മുഹമ്മദിന്‍റെയും നാമനിർദ്ദേശ പത്രികകളാണ് തള്ളിയത്.
പത്രിക തള്ളിയതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ സർവകലാശാല അധികൃതർ തയറാകുന്നില്ലെന്ന് ഫ്രറ്റേണിറ്റി സഖ്യം കുറ്റപ്പെടുത്തി. നാമനിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് സ്ഥാനാർഥികൾക്കും മതിയായ ഹാജരും മികച്ച അക്കാദമിക് റെക്കോർഡും ഉണ്ടായിരുന്നിട്ടും നിരസിക്കപ്പെടുകയാണുണ്ടായത്.
ദലിത്, മുസ്ലീം വിദ്യാർഥികളോട് സർവകലാശാല കാണിക്കുന്ന വിവേചനമാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്നും ഫ്രറ്റേണിറ്റി-ബി.എ.എസ്.എഫ് സഖ്യം കുറ്റപ്പെടുത്തി. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഫ്രറ്റേണിറ്റി -ബി.എ.എസ്.എഫ് പ്രവർത്തകർ കാമ്പസിനകത്ത് പ്രതിഷേധിച്ചു. സെപ്റ്റംബർ 22നാണ് വോട്ടെടുപ്പ്. കോവിഡിന്‍റെ പേരിലായിരുന്നു മൂന്ന് വർഷം തെരഞ്ഞെടൂപ്പ് നടത്താതിരുന്നത്. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ യൂനിയൻ പ്രസഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി പദവികൾ എ.ബി.വി.പിക്കായിരുന്നു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.