മുംബൈ: പുള്ളിപ്പുലിയുടെ വായിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് യുവാവ്. മുംബൈ നഗത്തിന് സമീപത്തെ ആറെ മിൽക്ക് കോളനിയിൽ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം. സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിനോട് ചേർന്നാണ് ഈ പ്രദേശം.
വീടിന് മുമ്പിൽ കളിക്കുകയായിരുന്ന ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. ആയുഷിന്‍റെ അമ്മാവൻ ഒച്ചയുണ്ടാക്കി പുലിയുടെ പിന്നാലെ പാഞ്ഞതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ തലക്കും കഴുത്തിനും പരിക്കേറ്റു.
'ആയുഷ് പുറത്ത് കളിക്കുമ്പോൾ ഞാൻ വാതിലിന് സമീപം നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ആയുഷിന് നേരെ വന്നു. നിമിഷങ്ങൾക്കകം അവന്‍റെ തലയിൽ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാൻ തുടങ്ങി. ഞാൻ നിലവിളിച്ച് പുലിയുടെ പിറകെ ഓടി' -കുട്ടിയുടെ അമ്മാവൻ വിനോദ് കുമാർ യാദവ് പറഞ്ഞു.
'പുലി പേടിച്ചിരിക്കണം. അത് ആയുഷിനെ ഉപേക്ഷിച്ചു. ഞാൻ അവനെയെടുത്ത് കുറ്റിക്കാടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ, ഭാഗ്യവശാൽ അത് ഓടിപ്പോയി' -വിനോദ് കുമാർ കൂട്ടിച്ചേർത്തു. ആയുഷിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും മുറിവുകൾ തുന്നിച്ചേർക്കുകയും ചെയ്തു.
'എന്‍റെ കുട്ടി രക്ഷപ്പെട്ടതിൽ ദൈവത്തോട് നന്ദി പറയുന്നു. എന്‍റെ സഹോദരൻ പുലിയുടെ പുറകെ ഓടിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ആയുഷിന് എട്ട് തുന്നലുകളുണ്ട്. പുലി ശല്യം തടയുന്നതിൽ അധികൃതർ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടത്തെ മാലിന്യങ്ങൾ നീക്കുകയും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും വേണം' -ആയുഷിന്‍റെ മാതാവ് ആരതി യാദവ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ പുലിയുടെ ആക്രമണത്തിന് ഇരയായ നാലമാത്തെയാളാണ് ആയുഷ്. പുലി ആയുഷിനെ ആക്രമിച്ച സ്ഥലത്തിന് സമീപം ഒരു തെരുവ് വിളക്ക് പോലുമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
എം.എൽ.എ രവീന്ദ്ര വൈക്കർ, പ്രാദേശിക ശിവസേന നേതാവ് സന്ദീപ് ഗാധവേ, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഗിരിജ ദേശായി, വാർഡ് ഉദ്യോഗസ്ഥർ എന്നിവർ കോളനിയിൽ തെരുവ് വിളക്ക് സ്ഥാപിക്കൽ, മാലിന്യം നീക്കൽ, ജലവിതരണം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തു. 'തെരുവ് വിളക്കുകൾ എത്രയും വേഗം സ്ഥാപിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ മാലിന്യങ്ങളും റോഡരികിലെ കുറ്റിക്കാടുകളും ഒഴിവാക്കാൻ നിർദേശം നൽകി. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന് വനം വകുപ്പിനോടും അഭ്യർത്ഥിച്ചു' -എം.എൽ.എ രവീന്ദ്ര വൈക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.