സാധാരണക്കാരന് വീട് ഇനി സ്വപ്നം മാത്രമോ? ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 6% ഇടിവ്

ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിൽ വീടുകളുടെ വിൽപ്പനയിൽ കഴിഞ്ഞ ഏപ്രിൽ-ജൂൺ മാസങ്ങളിൽ 6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും സാമ്പത്തിക രംഗത്തെ ആശങ്കകളും സാധാരണക്കാരെയും നിക്ഷേപകരെയും ഒരേപോലെ ബാധിച്ചിരിക്കുകയാണ്. കൊച്ചി, ഡൽഹി-എൻ.സി.ആർ, മുംബൈ, പുണെ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാകുന്നത്. വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും, വരുംകാലത്തെ ഡിമാൻഡ് മുന്നിൽക്കണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിൽ 7 ശതമാനത്തിന്റെ വർധനവ് വരുത്തിയിട്ടുണ്ട്.

സാധാരണക്കാരായ ഇടത്തരക്കാർക്ക് വീട് വാങ്ങുക എന്നത് ഇന്ന് വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. വരുമാനവും വീടുകളുടെ വിലയും തമ്മിലുള്ള അന്തരം കുത്തനെ ഉയരുന്നതാണ് ഇതിന് പ്രധാന കാരണം. പല നഗരങ്ങളിലും വീടുകളുടെ വില കുതിച്ചുയരുമ്പോൾ ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ലളിതമായി പറഞ്ഞാൽ, ഒരു മാസം ഏകദേശം ഒരു ലക്ഷം രൂപ വരുമാനമുള്ള കുടുംബങ്ങൾക്ക് പോലും നഗരങ്ങളിൽ വീട് വാങ്ങാൻ വലിയ സാമ്പത്തിക പ്രയാസം നേരിടുന്നു. ചെറിയ അപ്പാർട്ട്മെന്റുകളിലേക്ക് ഒതുങ്ങുകയോ അല്ലെങ്കിൽ നഗരത്തിന് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുകയോ അല്ലാതെ മറ്റു വഴികളില്ലാത്ത അവസ്ഥയിലാണ് പലരും.

സാധാരണക്കാരുടെ ഈ വീട് വാങ്ങാനുള്ള ആഗ്രഹം പലപ്പോഴും പാതിവഴിയിൽ മുടങ്ങുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നിർമാണച്ചെലവിലുള്ള വർധനവ് കാരണം ഡെവലപ്പർമാർ ലാഭകരമായ ആഡംബര ഭവനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ട്, താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഒരു കാലത്ത് വിപണിയുടെ കരുത്തായിരുന്ന ചെലവി കുറഞ്ഞ ഭവനമേഖല ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാണ്.

ഭവന വിപണിയിലെ ഈ മാറ്റം കേവലം കണക്കുകളിലെ കളി മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു യാഥാർഥ്യമാണ്. വീടുകൾ നിർമിക്കപ്പെടുന്നുണ്ടെങ്കിലും അവ വാങ്ങാൻ ശേഷിയുള്ളവരുടെ എണ്ണം കുറയുന്നത് വിപണിയിൽ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനവും നഗരവൽക്കരണവും നടക്കുമ്പോഴും, സാധാരണക്കാരന്റെ സ്വപ്നമായ 'സ്വന്തം വീട്' പലർക്കും ഇപ്പോഴും അകലെയാണ്.

Tags:    
News Summary - Housing Sales Fall 6% In 7 Major Cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.