ബോപാൽ: മധ്യപ്രദേശിലെ ബാലാഘാട്ട് ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള വനപ്രദേശത്ത് ഹോക്ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ (കോബ്ര), ജില്ലാ പൊലീസ് ഫോഴ്‌സ് എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് ബാലാഘാട്ട് അഡീഷണൽ പോലീസ് സൂപ്രണ്ട് വിജയ് ദബാർ അറിയിച്ചു. മാവോയിസ്റ്റുകൾ വെടിയുതിർത്തപ്പോൾ സൈന്യം തിരിച്ചടിച്ചതായും ദബാർ കൂട്ടിച്ചേർത്തു.
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് വെടിവയ്പ്പ് നടന്നത്.
ഒരു ഇൻസാസ് റൈഫിൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്.എൽ.ആർ), ഒരു 303 റൈഫിൾ എന്നിവയും നിത്യോപയോഗ വസ്തുക്കളും പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
ഏറ്റുമുട്ടലിലിനിടെ പരിക്കേറ്റ ചില മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായും പൊലീസ് വ‍്യക്തമാക്കി. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു. ഏറ്റുമുട്ടൽ നടത്തിയ മധ്യപ്രദേശ് പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തി. മധ്യപ്രദേശിൽ നക്സലിസത്തിനും അക്രമ പ്രവർത്തനങ്ങൾക്കും സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മധ്യപ്രദേശിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 20 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.