യു.പിയിൽ മതംമാറ്റം ആരോപിച്ച് നാലുപേർ അറസ്റ്റിൽ, ക്രിസ്തു ചിത്രങ്ങളും ബൈബിളുകളും പിടിച്ചെടുത്തു; അറസ്റ്റിലായവരിൽ അമ്മയും മകളും

ജൗൻപൂർ (ഉത്തർപ്രദേശ്): മതപരിവർത്തനത്തിനായി ആളുകളെ പ്രലോഭിപ്പിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ നാല് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മകളും അടക്കം രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പിടികൂടിയത്. ബൈബിളുകളടക്കമുള്ള പുസ്തകങ്ങളും ക്രിസ്തു ചിത്രങ്ങളും മറ്റും പൊലീസ് പിടിച്ചെടുത്തു.

സർക്കി ഗ്രാമവാസികളായ ഗീത ദേവി, ഇവരുടെ മകൾ രഞ്ജന കുമാരി, സോനു, വിജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കെരാക്കത്ത് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 7.15 ഓടെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (സിറ്റി) ആയൂഷ് ശ്രീവാസ്തവ അറിയിച്ചു.

ഇവരുടെ പക്കൽ നിന്ന് നിരവധി വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. ബൈബിളുകൾ, ക്രിസ്ത്യൻ ഭക്തിഗാന പുസ്തകങ്ങൾ, മതപരമായ രജിസ്റ്ററുകൾ, ക്രിസ്തുവിന്റെ ചിത്രങ്ങൾ, മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചാറ്റുകൾ, വിഡിയോകൾ, ഫോട്ടോകൾ എന്നിവ അടങ്ങിയ മൊബൈൽ ഫോണുകൾ എന്നിവയാണ് യു.പി പൊലീസ് കണ്ടെടുത്തത്.

ഗീത ദേവിയുടെ പക്കൽ നിന്ന് യേശുക്രിസ്തുവിന്റെ വലുതും ചെറുതുമായ ഫോട്ടോ ഫ്രെയിമുകൾ, നിരവധി ബൈബിളുകൾ, 'മസിഹി ഭജൻ മാല' എന്ന പേരിൽ ഭോജ്പുരിയിലും ഹിന്ദിയിലുമുള്ള ക്രിസ്ത്യൻ ഭക്തിഗാന പുസ്തകങ്ങൾ, മതപരിവർത്തന വീഡിയോകൾ അടങ്ങിയ ആൻഡ്രോയിഡ് മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. രഞ്ജന കുമാരിയുടെ പക്കൽ നിന്ന് രണ്ട് ബൈബിളുകൾ, നാല് രജിസ്റ്ററുകൾ, ക്രിസ്ത്യൻ ഭക്തിഗാന സമാഹാരം, മതപരമായ പ്രചാരണ സാമഗ്രികൾ അടങ്ങിയ സാംസങ് ഗാലക്‌സി മൊബൈൽ ഫോൺ, ഒരു ടാബ്‌ലെറ്റ് എന്നിവ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ബൈബിളും സുവിശേഷ പുസ്തകങ്ങളും ഇൻഫിനിക്സ് മൊബൈൽ ഫോണുമാണ് വിജയ് കുമാറിൽ നിന്ന് പിടികൂടിയത്.

അറസ്റ്റിലായവർക്കെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2021-ലെ 3/5(1) വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഈ ശൃംഖലയെക്കുറിച്ചും മറ്റുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞദിവസം മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ജമ്മു കശ്‌മീരിലെ ഉദ്ധംപൂർ ജില്ലയിലെ രാംനഗറിലെ കഠ്‌വയിൽ ക്രൈസ്തവ പുരോഹിതന്മാർക്ക് മർദനമേറ്റിരുന്നു. കൂടാതെ, മതപരിവർത്തനം നടത്തിയതിന് മർദനമേറ്റവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.

കഠ്‌വ രാജ്ബാഗിലെ ജുതാന ഗ്രാമത്തിൽവെച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ള പുരോഹിതർക്കാണ് മർദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണവുമുണ്ടായി. പാവപ്പെട്ടവരെ പണം വാഗ്ദാനം നൽകി മതപരിവർത്തനത്തിന് നിർബന്ധിക്കുന്നു എന്നാരോപിച്ച് പുരോഹിതരെ ഒരു സംഘം മർദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എന്നാൽ, ഗ്രാമവാസികളുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാനെത്തി മടങ്ങുകയായിരുന്നെന്നും അകാരണമായി മർദിക്കുകയായിരുന്നുവെന്നാണ് പുരോഹിതർ പറയുന്നത്. ദാരിദ്ര്യത്തിൽനിന്നും രോഗത്തിൽനിന്നും മോചനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചുവെന്നും മതപരിവർത്തനം പ്രോത്സാഹിപ്പിച്ചെന്നും ആരോപിച്ചാണ് രാജ്ബാഗ് പൊലീസ് പുരോഹിതർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കാര്യം സ്ഥിരീകരിച്ച കഠ്‌വ സീനിയർ പൊലീസ് സൂപ്രണ്ട് മോഹിത ശർമ്മ, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അറിയിച്ചു. വിദൂര ഗ്രാമങ്ങളിലെ ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് വി.എച്ച്.പിയുടെ നേതൃത്വത്തിൽ കഠ്‌വ ടൗണിൽ ഞായറാഴ്ച പ്രതിഷേധ പ്രകടനം നടന്നു.

Tags:    
News Summary - Four arrested for luring people to religious conversion in Jaunpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.