ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് കോലാഹലങ്ങൾ അടങ്ങിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ അഭ്യൂഹങ്ങൾ പുകയുന്നു. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്നാണ് പുതിയ അഭ്യൂഹം. അണ്ണാമലൈ അനുയായികൾ പാർട്ടിയുടെ പേരുകളും പതാക രൂപകൽപ്പനകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കോയമ്പത്തൂരിലും വ്യാപകമായി ചുവർ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
അണ്ണാമലൈയുടെ ചിത്രത്തോടൊപ്പം "നിർഭയ മനസ്സുകൾക്ക് പരിധികളില്ല" എന്ന ഉദ്ധരണിയുമാണ് കോയമ്പത്തൂരിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗം കോയമ്പത്തൂരിൽ നടക്കുന്നതിനിടെയാണ് ഈ സംഭവം. അണ്ണാമലൈ അൻബു കൂട്ടം പുതിയ അംഗങ്ങളെയും ഭാരവാഹികളെയും നിയമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അനുയായികൾ പറഞ്ഞു. ജൂൺ മാസം ആദ്യത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ചിലർ അവകാശപ്പെട്ടു. അണ്ണാമലൈയുടെ ചില പൊതു നിലപാടുകളും ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. ഈ അധ്യയന വർഷം മുതൽ 9-ാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷാ നയം നടപ്പിലാക്കാനുള്ള സി.ബി.എസ്.ഇയുടെ തീരുമാനത്തെ അണ്ണാമലൈ പരസ്യമായി വിമർശിച്ചിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്ത്' പരിപാടിയെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സംഭവവികാസങ്ങളോട് അണ്ണാമലൈ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന്റെ ട്വീറ്റ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. "തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ പാർട്ടി കൂടി വരാനിരിക്കുന്നു, കോളിളക്കം രൂക്ഷമാകുന്നു" എന്ന് കാർത്തി ചിദംബരം സാമൂഹിക മാധ്യമങ്ങളിൽ എഴുതി. അണ്ണാമലൈ ബി.ജെ.പിയുടെ രണ്ട് സംസ്ഥാന കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അണ്ണാമലൈ ഡൽഹിയിൽ ബി.ജെ.പി പ്രസിഡന്റ് നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്ന അണ്ണാമലൈ ഒടുവിൽ പാർട്ടി നേതൃത്വവുമായി യോജിക്കുകയും എൻ.ഡി.എയ്ക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.