ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയും മദ്രാസ് ഹൈകോടതിയിലെ ചീഫ് ജസ്റ്റിസുമായിരുന്ന എം.വൈ ഇക്ബാൽ അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2010 മുതൽ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എം.വൈ ഇക്ബാലിനെ 2012 ഡിസംബറിലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2016 ഫെബ്രുവരി 12 വരെ അദ്ദേഹം ആ പദവിയിലിരുന്നു.
1951 ഫ്രെബ്രുവരി 13 ന് ജനിച്ച ഇക്ബാൽ റാഞ്ചി യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സിക്ക് ശേഷം ഗോൾഡ് മെഡലോടെ എൽ.എൽ.ബിയും പാസായാണ് നിയമരംഗത്തേക്ക് കടക്കുന്നത്.
1975 ൽ റാഞ്ചിയിൽ അഭിഭാഷകനായി സേവനം തുടങ്ങിയ അദ്ദേഹം പട്ന ഹൈകോടതിയിൽ ഗവർമെൻറ് പ്ലീഡറും തുടർന്ന് 1996 ൽ ഹൈകോടതി ജഡ്ജിയുമായി. 2000 മുതൽ ഝാർഖണ്ഡ് ഹൈക്കോടതിയിലും അദ്ദേഹം ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. തുടർന്നാണ് മദ്രാസ് ഹൈകോടതിയിൽ ചീഫ് ജസ്റ്റിസാകുന്നത്. ഝാർഖണ്ഡിൽ നിന്ന് ഹൈകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തിയായിരുന്നു ജസ്റ്റിസ് എം.വൈ ഇക്ബാൽ.
ഝാർഖണ്ഡിലെ ഹ്യൂമൻ റൈറ്റ്സ് കമീഷൻ ചെയർപേഴ്സൺ ഉൾപ്പടെയുള്ള വിവിധ പദവികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
മാനുഷിക മൂല്യങ്ങൾക്ക് ഏറെ വിലകൽപ്പിച്ചിരുന്ന വ്യക്തിയായിരുന്നു എം.വൈ ഇക്ബാലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.