മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ, പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്, ബി.എസ്.പി അധ്യക്ഷ മായാവതി
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 'നാരീശക്തി വന്ദൻ അധിനിയം' ബില്ലിന് പൂർണ്ണ പിന്തുണയുമായി മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലും ബി.എസ്.പി അധ്യക്ഷ മായാവതിയും രംഗത്ത്. രാജ്യത്തിന്റെ ജനാധിപത്യ ശാക്തീകരണത്തിൽ ഇതൊരു നിർണ്ണായക നാഴികക്കല്ലാണെന്നാണ് ഇരുവരും ബില്ലിനെ വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ബില്ലിനെ പ്രശംസിച്ചത്. ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ ചുവടുവെപ്പ് എന്നാണ് മുൻ രാഷ്‌ട്രപതി ബില്ലിനെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി എന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, നയരൂപീകരണത്തിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ലഭിക്കുമ്പോൾ മാത്രമേ യഥാർത്ഥ ശാക്തീകരണം സാധ്യമാകൂ എന്നും അവർ ചൂണ്ടിക്കാട്ടി.
ബില്ലിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, അതിൽ സുപ്രധാനമായ ഒരു ഭേദഗതി കൂടി മായാവതി ആവശ്യപ്പെട്ടു. സംവരണം ചെയ്യപ്പെടുന്ന 33 ശതമാനത്തിനുള്ളിൽ തന്നെ എസ്.സി (SC), എസ്.ടി (ST), ഒ.ബി.സി (OBC) വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കായി പ്രത്യേക ക്വാട്ട അനുവദിക്കണമെന്നാണ് മായാവതിയുടെ ആവശ്യം. 'സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പ്രത്യേക സംവരണം നൽകിയില്ലെങ്കിൽ, ഈ ബില്ലിന്റെ യഥാർത്ഥ ലക്ഷ്യം പരാജയപ്പെടും. ഇത് നടപ്പിലാക്കിയാൽ മാത്രമേ ഈ നീക്കം ചരിത്രപരമാകൂ' - മായാവതി പറഞ്ഞു. ബിൽ കൊണ്ടുവരാൻ വൈകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ ബി.എസ്.പി പിന്തുണക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.
2029ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നരേന്ദ്ര മോദി സർക്കാർ വനിതാ സംവരണ ബിൽ ഇരുസഭകളിലും പാസാക്കിയത്. സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുക എന്നതാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യം. എന്നാൽ മണ്ഡലം പുനർനിർണയിക്കാതെ പുതിയ ബിൽ നടപ്പാക്കുന്നത് സാധ്യമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മണ്ഡലം പുനർനിർണയിക്കുന്നതോടെ 543 ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിച്ച് 816 സീറ്റുകളായി ഉയർത്തും. ഇതോടെ 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും. ഏപ്രിൽ 16ന് നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ബില്ല് ചർച്ച ചെയ്യും. മണ്ഡല പുനർനിർണയ ബില്ലിനൊപ്പമാണ് വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതിയും സർക്കാർ അവതരിപ്പിക്കുന്നത്. ബില്ലിലെ കാലതാമസത്തെക്കുറിച്ച് കോൺഗ്രസ് വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുൻ കോൺഗ്രസ് എം.പി കൂടിയായ പ്രതിഭാ പാട്ടീൽ പിന്തുണയുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.