മുഹമ്മദ് അസ്ഹറുദ്ദീൻ
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
നവംബർ 11ന് ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തെലങ്കാന സർക്കാർ തീരുമാനിച്ചത്. മണ്ഡലത്തിലെ മുസ്ലിം വോട്ടുകൾ ഇതിലൂടെ പാർട്ടിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
കഴിഞ്ഞ ആഗസ്റ്റിലാണ് അസ്ഹറുദ്ദീനെ സംസ്ഥാന ഗവർണറുടെ ക്വാട്ടയിൽനിന്ന് നിയമനിർമാണ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. ജൂബിലി ഹിൽസിലെ തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ കോൺഗ്രസിന്‍റെ അഭിമാനപ്രശ്നം കൂടിയാണ്. മുസ്ലിം വോട്ടുകളാണ് മണ്ഡലത്തിൽ വിധി നിർണയിക്കുക. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിന് ഒരു മുസ്ലിം എം.എൽ.എയോ മന്ത്രിയോ ഇല്ല.
അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ ന്യൂനപക്ഷ സമുദായത്തെ കൂടെ നിർത്താനാകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കണക്കുകൂട്ടൽ. അസ്ഹർ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം 16 ആകും. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിൽ പരമാവധി 18 പേരെ ഉൾപ്പെടുത്താനാകും. 2023 ഡിസംബർ ഏഴിനാണ് രേവന്ത് റെഡ്ഢി സർക്കാർ അധികാരത്തിലെത്തുന്നത്.
കഴിഞ്ഞ ജൂണിൽ മൂന്നുപേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു. മൊറാദാബാദിൽനിന്നുള്ള മുൻ ലോക്സഭാ അംഗമായ അസ്ഹർ, 2023 നിയമസഭ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസിൽനിന്ന് മത്സരിച്ചെങ്കിലും ബി.ആർ.എസ് സ്ഥാനാർഥി മഗാന്തി ഗോപിനാഥിനോട് പരാജയപ്പെട്ടു. ജൂണിൽ ബി.ആർ.എസ് എം.എൽ.എ മരിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2009ലാണ് അസ്ഹർ കോൺഗ്രസിൽ ചേരുന്നത്. 2018ൽ സംസ്ഥാന കോൺഗ്രസിന്‍റെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.