ദൈവത്തിന് നന്ദി, എല്ലാവരും സുരക്ഷിതർ; ‘വലിയ അപകടത്തിൽ നിന്ന് പിതാവ് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു’-ഫാറൂഖ് അബ്ദുല്ലക്ക് നേരെയുള്ള വധശ്രമത്തിൽ പ്രതികരിച്ച് ഉമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലക്ക് നേരെ ജമ്മുവിൽ നടന്ന വധശ്രമത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ജമ്മു കശ്മീർ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുല്ലയുടെ മകനുമായ ഒമർ അബ്ദുല്ല.

‘ദൈവത്തിന് നന്ദി, എന്റെ പിതാവ് വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമല്ലെങ്കിലും, തോക്കുമായി എത്തിയ ഒരാൾ പിതാവിന്റെ തൊട്ടടുത്തെത്തി വെടിയുതിർക്കുകയായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വെടിയുണ്ട ദിശമാറ്റാനും കൊലപാതകശ്രമം പരാജയപ്പെടുത്താനും സഹായിച്ചത്. Z+ NSG സുരക്ഷയുള്ള ഒരു മുൻ മുഖ്യമന്ത്രിയുടെ ഇത്രയുമടുത്ത് ഒരാൾക്ക് എങ്ങനെ ഇത്രയും അടുത്തുചെല്ലാൻ സാധിച്ചു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങൾ ഇപ്പോൾ ഉയരുകയാണ്. എന്നാണ് ഉമർ അബ്ദുല്ല എക്സിൽ കുറിച്ചത്.

ജമ്മുവിലെ വെടിവയ്‌പ്പ് സംഭവത്തിന് ശേഷം എല്ലാവരും സുരക്ഷിതരാണെന്ന് സുരീന്ദർ ചൗധരി അറിയിച്ചു. ഗ്രേറ്റർ കൈലാഷിലെ റോയൽ പാർക്കിൽ താനും ഫാറൂഖ് അബ്ദുല്ലയും നാസിർ അസ്‌ലം വാനിയും ഒപ്പമുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് പ്രാദേശിക പൊലീസിന്റെ സാന്നിധ്യം പോലുമില്ലാതിരുന്നത് അതീവ ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മുവിലെ ഗ്രേറ്റർ കൈലാഷിലുള്ള റോയൽ പാർക്കിൽ വെച്ചാണ് ആക്രമണം നടന്നത്. പാർട്ടി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഫാറൂഖ് അബ്ദുല്ലയും ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും. വിവാഹ വേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി, ഫാറൂഖ് അബ്ദുല്ലക്ക് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. വെടിയുതിർക്കാൻ സാധിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തി.

ജമ്മു പുരാനി മണ്ഡി സ്വദേശിയായ കമൽ സിങ് ജാംവാൾ (70) ആണ് പിടിയിലായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുല്ലയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നും, ഇന്ന് ഒരു അവസരം ലഭിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടുവെന്നും പ്രതി മൊഴി നൽകിയതായി ജാംവാൾ പൊലീസ് പറഞ്ഞു.

Tags:    
News Summary - Omar Abdullah reacts to assassination attempt on Farooq Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.