കൊൽക്കത്ത: പശ്ചിമബംഗാളിൽ മുനിസിപ്പാലിറ്റി നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള സി.ജി.ഒ കോംപ്ലക്സ് ഓഫിസിൽവെച്ച് തിങ്കളാഴ്ച സുജിത് ബോസിനെ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരമാണ് അറസ്റ്റ്.
ശനിയാഴ്ച സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ടി.എം.സി നേതാവിന്റെ അറസ്റ്റ്. സുജിത് ബോസിന്റെ മറുപടികളിൽ പൊരുത്തക്കേടുകളുണ്ടെന്നും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നും കേന്ദ്ര ഏജൻസി അറിയിച്ചു. ചൊവ്വാഴ്ച പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ഇ.ഡി വ്യക്തമാക്കി.
മകൻ സമുദ്ര ബോസിനൊപ്പമാണ് സുജിത് ബോസ് തിങ്കളാഴ്ച രാവിലെ 10.30 ഓടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയത്. 11 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദക്ഷിണ്‍ ഡം ഡം മുനിസിപ്പാലിറ്റിയിലെ നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. അവിടത്തെ വൈസ് ചെയർമാനായിരുന്നു സുജിത് ബോസ്. മുനിസിപ്പാലിറ്റിയിലെ വിവിധ വിഭാഗങ്ങളിലായി 150ഓളം ജീവനക്കാർക്ക് ജോലി നൽകുന്നതിലും, സാമ്പത്തിക ആനുകൂല്യങ്ങൾക്ക് പകരമായി അവരെ ഈ തസ്തികകളിലേക്ക് ശുപാർശ ചെയ്യുന്നതിലും സുജിത് ബോസ് നേരിട്ട് പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ആരോപണം.
ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. ബിധാൻനഗറിൽനിന്ന് മൂന്ന് തവണ എം.എൽ.എയായ സുജിത് ബോസ് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശരദ്വത് മുഖർജിയോട് 37,000 ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.