അജിത് പവാർ
മുംബൈ: ഇരു വിഭാഗം എൻ.സി.പിയേയും ലയിപ്പിച്ച് പാർട്ടി നേതൃത്വം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന് കൈമാറാനിരിക്കെയാണ് വിമാനദുരന്തമുണ്ടായതെന്ന് എൻ.സി.പി ശരദ് പവാർ പക്ഷ മഹാരാഷ്ട്ര അധ്യക്ഷൻ ശശികാന്ത് ഷിൻഡെ. ശരദ് പവാറിന്റെ വിശ്വസ്തനായ ശശികാന്ത് ഷിൻഡെ പാർട്ടി മുഖപത്രമായ ‘രാഷ്ട്രവാദി’യിൽ ലേഖനത്തിലൂടെയാണ് ഇങ്ങനെ അവകാശപ്പെട്ടത്.
‘അദൃശ്യ ശക്തിയുടെ’ ഭീഷണിയെ തുടർന്ന് നിർവാഹമില്ലാതെയാണ് അജിത് പവാർ എൻ.സി.പി പിളർത്തിയത്. ‘തെറ്റ് തിരുത്തി’ തിരിച്ചുവരാൻ ഒരുങ്ങുകയായിരുന്നു. ജയന്ത് പാട്ടീലും താനുമായാണ് അജിത് ലയന ചർച്ച നടത്തിയത്. ഫെബ്രുവരി 12ന് ശരദ് പവാറിന്റെ സാന്നിധ്യത്തിൽ ലയന പ്രഖ്യാപനം നടത്തി പാർട്ടി നേതൃത്വം അജിത്തിനെ ഏൽപിക്കാനിരുന്നതാണ് - എന്നിങ്ങനെയാണ് ലേഖനത്തിൽ പറയുന്നത്. ‘അദൃശ്യ ശക്തി’ എന്നത് ശിവസേന, എൻ.സി.പി പിളർപ്പുകൾക്ക് ശേഷം ബി.ജെ.പിക്ക് എതിരെ പ്രയോഗിക്കപ്പെട്ടതാണ്. അജിത്തിന്റെ മരണത്തോടെ ലയനം അനിശ്ചിതത്വത്തിലായെന്നും അദ്ദേഹത്തോട് നീതിപുലർത്താൻ ഇരുവിഭാവും ലയിച്ച് പാർട്ടിയെ വീണ്ടും കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.
എന്നാൽ, ലയന ചർച്ച നിഷേധിച്ച അജിത് പവാർ പക്ഷ എൻ.സി.പി മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ തട്കരെ ‘തെറ്റ് തിരുത്തി തിരിച്ചുവരാൻ ഒരുങ്ങി’ എന്ന പ്രയോഗത്തെ ശക്തമായി എതിർത്തു. എൻ.സി.പി ലയനത്തോട് എതിർപ്പില്ലെന്ന് പറഞ്ഞ അദ്ദേഹം എൻ.ഡി.എയിൽ തുടരാൻ ശരദ് പവാർ പക്ഷത്തിന് സമ്മതമാകുമോ എന്ന് ചോദിച്ചു. ലയന ശേഷം എൻ.ഡി.എയുടെ ഭാഗമാകുമോ എന്ന ചോദ്യത്തോട് പവാർ പക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.