ഹൈദരാബാദ്: അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുറന്നടിച്ചതിനുപിറകെ, സി.ബി.ഐക്ക് സംസ്ഥാനത്തുള്ള അനുമതി പിൻവലിച്ച് തെലങ്കാന സർക്കാർ. ഏതു കേസും അന്വേഷിക്കുന്നതിന് സി.ബി.ഐക്ക് സംസ്ഥാനങ്ങൾ നൽകുന്ന, 1946ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള 'പൊതു അനുമതി' ആണ് പിൻവലിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 30ന് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും ശനിയാഴ്ച തെലങ്കാന ഹൈകോടതിയിൽ നടന്ന വാദത്തിനിടെ സർക്കാർ ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.
തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) എം.എൽ.എമാർക്ക് പണംകൊടുത്ത് കാലുമാറ്റി, സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടു നടന്ന വാദത്തിനിടെയാണ് ഇക്കാര്യം സംസ്ഥാന അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഹൈകോടതിയെ അറിയിച്ചത്. ഈ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നൽകിയ ഹരജിയിലായിരുന്നു വാദം.
'' സംസ്ഥാനങ്ങളിലെ ഏതു കേസിലും അന്വേഷണം നടത്താൻ തെലങ്കാന സർക്കാർ സി.ബി.ഐക്ക് നൽകിയ പൊതു അനുമതി പിൻവലിച്ചിരിക്കുന്നു.'' -അഡ്വക്കറ്റ് ജനറൽ ഇതുസംബന്ധിച്ച ഉത്തരവ് കോടതിയിൽ വായിച്ചു. ഇനി ഏതെങ്കിലും അന്വേഷണം നടത്തണമെങ്കിൽ ഓരോ കേസിനും സംസ്ഥാന സർക്കാറിൽ നിന്ന് സി.ബി.ഐക്ക് പ്രത്യേകം അനുമതി വാങ്ങേണ്ടി വരും. ഇതോടെ സി.ബി.ഐക്ക് പൊതു അനുമതി പിൻവലിച്ച എട്ടു സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയും ഇടം പിടിച്ചു.
വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാറുമായി ഇടഞ്ഞ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനത്ത് ബി.ജെ.പിയുമായി തുറന്ന പോരാട്ടം തുടരുമെന്ന സൂചന കൂടി ഇതിലൂടെ നൽകിയിരിക്കുകയാണ്. ഡൽഹി സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിതക്കെതിരെ ഈയിടെ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോപണം നിഷേധിച്ച ടി.ആർ.എസ്, രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാൻ അനുവദിക്കില്ലെന്ന് തിരിച്ചടിക്കുകയുണ്ടായി.
സി.ബി.ഐക്കുള്ള പൊതു അനുമതി എല്ലാ സംസ്ഥാനങ്ങളും പിൻവലിക്കണമെന്ന് കഴിഞ്ഞ മാസം ബിഹാർ തലസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ചന്ദ്രശേഖര റാവു ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രി നിതീഷ്കുമാറുമൊന്നിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ, രാഷ്ട്രീയ എതിരാളികളെ തകർക്കാനായാണ് എല്ലാ കേന്ദ്ര ഏജൻസികളെയും കേന്ദ്രം ദുരുപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പൊലീസിങ് എന്നത് സംസ്ഥാന വിഷയമാണെന്നും റാവു വ്യക്തമാക്കുകയുണ്ടായി.ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സി.ബി.ഐക്ക് ഏതെങ്കിലും സംസ്ഥാനങ്ങളുടെ പരിധിയിൽ അന്വേഷണം നടത്തണമെങ്കിൽ അതതു സംസ്ഥാനങ്ങളുടെ അനുമതി വാങ്ങിയിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. പൊതു അനുമതി പിൻവലിക്കപ്പെട്ടാൽ അതതു സംസ്ഥാനത്തെ ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പ്രസ്തുത സർക്കാറിന്റെ അനുമതി വാങ്ങണം.
പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ അടക്കം എട്ടു സംസ്ഥാനങ്ങളാണ് നേരത്തേ പൊതു അനുമതി പിൻവലിച്ചവ. മഹാരാഷ്ട്ര നേരത്തേ പൊതു അനുമതി പിൻവലിച്ചിരുന്നെങ്കിലും പിന്നീട് ഇത് പുനഃസ്ഥാപിച്ചു.
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) എം.എൽ.എമാരെ വിലക്കുവാങ്ങി സംസ്ഥാനത്ത് ഭരണം അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ആരോപിച്ചു. ഡൽഹിയിൽനിന്നെത്തിയ ബി.ജെ.പി ദല്ലാളുമാർ ഒരാൾക്ക് 100 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 20-30 ടി.ആർ.എസ് എം.എൽ.എമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നതെന്ന് മുനുഗോഡ് റാവു ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.
നാല് ടി.ആർ.എസ് എം.എൽ.എമാരെ പണം നൽകി പാട്ടിലാക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സ്വാധീനിക്കാൻ ശ്രമിച്ച നാല് എം.എൽ.എമാരും മുഖ്യമന്ത്രിക്കൊപ്പം റാലിയിൽ പങ്കെടുത്തു.
ഇവരിലൊരാളായ പി. രോഹിത് റെഡ്ഡി എം.എൽ.എയാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ടി.ആർ.എസ് വിട്ട് ബി.ജെ.പിക്കായി മത്സരിക്കുകയാണെങ്കിൽ 100 കോടി രൂപ തരാമെന്ന് ബി.ജെ.പി ദല്ലാളുമാർ വാഗ്ദാനം ചെയ്തതായി പരാതി നൽകിയത്. ഇതേതുടർന്നാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.