പ്രശാന്ത് കിഷോർ

ബങ്കിപൂരിൽ ബി.ജെ.പിയെ തറപറ്റിച്ച് പ്രശാന്ത് കിഷോർ; വിജയത്തിലേക്ക് നയിച്ച അഞ്ച് പ്രധാന ഘടകങ്ങൾ

പട്ന : ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയ്‌ക്കെതിരെ വൻ ലീഡ് നേടി ചരിത്രവിജയം കുറിച്ചിരിക്കുകയാണ് ജൻ സുരാജ് പാർട്ടി (ജെ.എസ്.പി) സ്ഥാപകൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കത്തിൽ തന്നെ രാഷ്ട്രീയ നിരീക്ഷകരെയും എതിരാളികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രശാന്ത് കിഷോർ കാഴ്ചവെച്ചിരിക്കുന്നത്. ഈ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അഞ്ച് പ്രധാന ഘടകങ്ങൾ ഇവയാണ്:

1. പി.കെ. ഫാക്ടർ

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോർ തന്നെയാണ് വിജയത്തിലെ ഏറ്റവും നിർണായക ഘടകം. 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 238 സീറ്റുകളിൽ മത്സരിച്ചിട്ടും അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയ ജന സുരാജ് പാർട്ടി, ഇത്തവണ മറ്റാരെയും രംഗത്തിറക്കാതെ പ്രശാന്ത് കിഷോർ നേരിട്ട് ജനവിധി തേടാൻ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായ നീരജ് കുമാർ സിൻഹയ്‌ക്കെതിരെ ശക്തമായ നിലയുറപ്പിക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞു. 2006 മുതൽ 2026 വരെ അഞ്ച് തവണ ബങ്കിപൂരിനെ പ്രതിനിധീകരിച്ചിരുന്ന നിതിൻ നബിൻ ഒഴിഞ്ഞ സീറ്റാണ് പ്രശാന്ത് കിഷോർ പിടിച്ചെടുത്തത്.

2. മാറ്റത്തിനായുള്ള ജനവികാരം

ബി.ജെ.പിയുടെ കുത്തക മണ്ഡലത്തിൽ ഭരണമാറ്റത്തിനായുള്ള ജനങ്ങളുടെ ശക്തമായ ആഗ്രഹമാണ് പ്രശാന്ത് കിഷോറിന് തുണയായത്. ബങ്കിപൂരിനെ തങ്ങളുടെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കുന്ന ബി.ജെ.പിയുടെ അഹങ്കാരത്തിനെതിരെ ശക്തമായി പ്രതികരിച്ച പ്രശാന്ത് കിഷോർ, ഈ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരെയുള്ള വിലയിരുത്തലാക്കി മാറ്റുകയും ചെയ്തു. "കോട്ടകൾ നിർമ്മിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ല, ജനങ്ങളാണ്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.

3. ബി.ജെ.പി - ആർ.ജെ.പി വോട്ട് ബാങ്കുകളിലെ വിള്ളലുകൾ

പ്രശാന്തിന്റെ കുതിപ്പിൽ ഇരുമുന്നണികളുടെയും അടിത്തറയിളക്കാൻ സാധിച്ചു. ബി.ജെ.പിക്കൊപ്പം പരമ്പരാഗതമായി നിൽക്കുന്ന കയാസ്ഥ സമുദായം മാത്രമാണ് പൂർണ്ണമായി ഒപ്പം നിന്നത്. മറ്റ് സവർണ്ണ വിഭാഗങ്ങളും ഒ.ബി.സി വോട്ടുകളും ജെ.എസ്‌.പിയിലേക്ക് ഒഴുകിയെത്തി. പ്രതിപക്ഷമായ ആർ.ജെ.പിയുടെ മുസ്ലീം-യാദവ് വോട്ടുകളിലും വിള്ളലുണ്ടായി. ബി.ജെ.പിയെ തോൽപ്പിക്കാൻ പ്രശാന്ത് കിഷോറിന് കഴിയുമെന്ന് കണ്ടതോടെ ഒരു വിഭാഗം മുസ്ലീം വോട്ടർമാർ ആർ.ജെ.പിയെ കൈവിട്ട് അദ്ദേഹത്തെ പിന്തുണച്ചു.

4. വികസനം മുൻനിർത്തിയുള്ള പ്രചാരണം

ജാതിയും മതവും പോലുള്ള പരമ്പരാഗത രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ജനകീയ വിഷയങ്ങളിലാണ് പ്രശാന്ത് കിഷോർ പ്രചാരണത്തിലുടനീളം ഊന്നിയത്. മണ്ഡലത്തിലെ വികസന റോഡ്മാപ്പ് അവതരിപ്പിക്കുന്നതിന് പകരം വൈകാരികമായ ബന്ധങ്ങൾ മാത്രം ഉയർത്തിക്കാട്ടാനേ ബി.ജെ.പി ക്യാമ്പുകൾക്ക് കഴിഞ്ഞുള്ളൂ.

5. കൃത്യമായ തന്ത്രങ്ങളും താഴെത്തട്ടിലെ പ്രവർത്തനങ്ങളും

എതിരാളികളെക്കാൾ മികച്ച തെരഞ്ഞെടുപ്പ് തന്ത്രമാണ് പ്രശാന്ത് കിഷോർ പയറ്റിയത്. വലിയ റാലികൾക്കപ്പുറം താഴെത്തട്ടിൽ ചെറിയ യോഗങ്ങളിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും വോട്ടർമാരിലേക്ക് എത്താൻ അദ്ദേഹത്തിന് സാധിച്ചു. ബി.ജെ.പിയുടെ സാമൂഹിക സമവാക്യങ്ങൾ തകർക്കാനും ഭരണകക്ഷിയിലെ പ്രാദേശിക ഭിന്നതകൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനും ജെ.എസ്‌.പിക്ക് കഴിഞ്ഞു.

Tags:    
News Summary - Five Key Factors Why Prashant Kishor is Set to Triumph in Bankipur Assembly Bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.