ആറ്റിങ്ങൽ: യു.എ.ഇയിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ച് അഞ്ചുതെങ്ങ് സ്വദേശികളും കൊല്ലം പരവൂരിൽനിന്നുള്ള രണ്ടുപേരും മൂന്ന് തമിഴ്നാട് സ്വദേശികളുമുൾപ്പെടെ 11 അംഗ മത്സ്യത്തൊഴിലാളിസംഘം അതിർത്തി ലംഘനത്തിന് ഇറാന്റെ പിടിയിൽ.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം വീട്ടിൽ സാജു ജോർജ് (54), മാമ്പള്ളി ഓലുവിളാകം വീട്ടിൽ ആരോഗ്യ രാജ് (43), മാമ്പള്ളി മുണ്ടുതുറ വീട്ടിൽ ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിങ്ടൺ (44), മാമ്പള്ളി പുതുമണൽ പുരയിടത്തിൽ എൽ. ഡിക്സൺ (46), പരവൂർ സ്വദേശികളായ ഷമീർ (47), ഷാഹുൽ ഹമീദ് (48) തുടങ്ങിയവരാണ് ഇറാൻ ജയിലിലുള്ളത്. മത്സ്യബന്ധന വിസയിലാണ് ഇവർ അജ്മാനിൽ എത്തിയത്. ബോട്ടുടമ കൂടിയായ അജ്മാൻ സ്വദേശി അബ്ദുൽ റഹ്മാനാണ് അറസ്റ്റിലായ പതിനൊന്നാമൻ.
ജൂൺ 18 ഞായറാഴ്ച വൈകുന്നേരമാണ് ഇവർ ജെ.എഫ്. 40 നമ്പർ ബോട്ടിൽ കടലിൽ പോയത്. ജയിലിലാണെന്ന് 19ന് നാട്ടിൽ വിവരം ലഭിച്ചു. വിവരങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ വീട്ടുകാർ ആശങ്കയിലായി. വിദേശത്തുള്ള മറ്റുള്ളവർ വഴി അന്വേഷിച്ചപ്പോൾ ‘ഇവരെ കാണാനില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഇവരെ നേരിട്ട് ബന്ധപ്പെടാൻ കുടുംബങ്ങൾക്കും കഴിഞ്ഞില്ല.
കഴിഞ്ഞദിവസം സാജു ജോർജ് വീട്ടിൽ ഫോൺ വിളിച്ചപ്പോഴാണ് വ്യക്തമായ വിവരമറിഞ്ഞത്. അടിയന്തരമായി സർക്കാർ തല ഇടപെടലുണ്ടായാലേ മോചനം സാധ്യമാകൂവെന്നും സാജു അറിയിച്ചിരുന്നു. മിനിറ്റുകൾ മാത്രമാണ് ഫോണിൽ സംസാരിക്കാനായത്. എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാൻ ശക്തമായ ഇടപെടലുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
വിഷയം ഉന്നയിച്ച് വിവിധ സർക്കാർ വകുപ്പുകൾക്ക് നിവേദനവും നൽകി. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. പാർട്ടി ഏരിയ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രനും ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജറാൾഡും വീടുകൾ സന്ദർശിച്ചു. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.