ജ​യ്റാം ര​മേ​ശ്

നിതീഷ് കുമാർ ഓന്തിനെ പോലും തോൽപിക്കും; കൊടും ചതിയനായ അദ്ദേഹത്തെ ബിഹാർ ജനത മറക്കില്ല -ജയ്റാം രമേശ്

ന്യൂഡൽഹി: രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാർ നിരന്തരം നിറംമാറുന്ന വ്യക്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണ് നിതീഷ്. ഓന്തിനെ പോലും തോൽപിക്കുന്ന നിറംമാറ്റമാണിതെന്നും ജയ്റാം രമേഷ് പരിഹസിച്ചു.

​''നിതീഷ് കുമാർ രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുകയാണ്. നിറം മാറുന്നതിന്റെ കാര്യത്തിൽ ഓന്തിനെ പോലും തോൽപിക്കുകയാണ് അദ്ദേഹം. കൊടും ചതിയനായ അദ്ദേഹത്തെ ബിഹാറിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളിയവരാണ് അവർ. ഭാരത് ജോഡോ യാത്രയെയും യാത്ര മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയും ഭയക്കുന്നവരാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും എന്ന് വ്യക്തമായിരിക്കുന്നു. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമാണിത്.''-എന്നാണ് നിതീഷിന്റെ മുന്നണിമാറ്റത്തെ കുറിച്ച് ജയ്റാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

നിതീഷ് കുമാർ രാജിവെക്കുന്ന കാര്യത്തിൽ വലിയ അദ്ഭുതമൊന്നും തോന്നിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണ് നിതീഷ്. നിരവധി തവണ മുഖ്യമന്ത്രിയായ വ്യക്തി.എന്നാൽ അദ്ദേഹം രാഷ്ട്രീയത്തിന്റെ നിറം നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നു. ഓന്തിനു പോലും വലിയ മത്സരം നടത്തേണ്ടി വരും അദ്ദേഹത്തിന് മുന്നിൽപിടിച്ചുനിൽക്കാൻ. ബിഹാർ ജനത തന്നെ അദ്ദേഹത്തിന് ഇതിന് മറുപടി നൽകും.-ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ മുഖ്യമന്തിസ്ഥാനത്ത് നിന്ന് രാജി വെച്ചത്. നേരത്തേ ഖാർഗെയും നിതീഷ് കുമാറിന്റെ കാലുമാറ്റത്തെ വിമർശിച്ചു രംഗത്ത്‍വന്നിരുന്നു. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് നേരത്തെ തന്നെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അത് യാഥാർഥ്യമായെന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം. 

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന്‍റെ ജെ.ഡി.യു- ബി.ജെ.പി സഖ്യ സർക്കാർ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തി.

Tags:    
News Summary - First Reaction From Congress, Jairam Ramesh After Nitish Kumar Resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.