ബംഗളൂരു: എൻജിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു-കൊച്ചി വിമാനത്തിലെ യാത്രക്കാർക്ക് മതിയായ സൗകര്യങ്ങളൊരുക്കാത്തതിനെ തുടർന്ന് പ്രതിഷേധം. യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാൻ സൗകര്യം ഒരുക്കിയതിലും പ്രശ്നങ്ങളുണ്ടായി. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
ഇന്നലെ രാത്രി 11ഓടെ ബംഗളൂരുവിൽ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തിന്‍റെ എൻജിൻ ഭാഗത്ത് തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാരെ ഇറക്കി. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
യാത്രക്കാർക്ക് ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, തിരികെ ഇറക്കിയ യാത്രക്കാർക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്നാണ് പരാതി. പുറത്തേക്കിറങ്ങുമ്പോൾ നേരിയ പരിക്കേറ്റവർക്കടക്കം രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. ബദൽ യാത്രാ സൗകര്യം ഒരുക്കിയതിലും കല്ലുകടിയുണ്ടായി. രാവിലെ 9.30ന് കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകിയത്. എന്നാൽ 179 യാത്രക്കാരുള്ളതിൽ 120 പേർക്ക് മാത്രമാണ് പാസ് നൽകിയത്. ബാക്കിയുള്ളവർക്ക് മറ്റൊരു വിമാനത്തിൽ ബോർഡിങ് പാസ് നൽകുമെന്നാണ് അറിയിച്ചത്. ഇതോടെ ഒരു കുടുംബത്തിൽ നിന്നുള്ള അംഗങ്ങൾ വ്യത്യസ്ത വിമാനങ്ങളിൽ യാത്ര ചെയ്യേണ്ട അവസ്ഥ വന്നു. ഇതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഒരുമിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണമെന്നാണ് ആവശ്യം. പ്രതിഷേധമുയർത്തിയപ്പോൾ മാത്രമാണ് എയർ ഇന്ത്യ എക്സ്‍പ്രസ് ബദൽ സംവിധാനം ഒരുക്കിയതെന്നും എന്നാൽ അവിടെയും അപര്യാപ്തതയാണെന്നും യാത്രക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.