ശിവകാശിയില്‍ പടക്ക ഗോഡൗണില്‍ തീപിടിത്തം; ഒമ്പത് മരണം

കോയമ്പത്തൂര്‍: ശിവകാശിയില്‍ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ശിവകാശി ബൈപാസ് റോഡിലെ ചെമ്പകരാമന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക ഗോഡൗണില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് അപകടം.

ഗോഡൗണിന് മുന്നില്‍ നിര്‍ത്തിയിട്ട മിനിവാനില്‍ പടക്ക പെട്ടികള്‍ കയറ്റുന്നതിനിടെയാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. വാനില്‍ കയറ്റിയ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഗോഡൗണില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയായിരുന്നു. ഗോഡൗണ്‍ കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.

റോഡരികിലുണ്ടായിരുന്ന മിനിവാനും ഇരുപതിലധികം ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ ‘ദേവകി സ്കാന്‍ സെന്‍ററി’ലേക്കും തീ പടര്‍ന്നുപിടിച്ചു. രോഗികളും ജീവനക്കാരുമായി 40ഓളം പേരാണ് ഇതിനകത്തുണ്ടായിരുന്നത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് സ്കാന്‍ സെന്‍ററിന്‍െറ പിന്‍ഭാഗത്തുള്ള ജനല്‍ തകര്‍ത്താണ് അകത്തുള്ളവരെ രക്ഷിച്ചത്.

പടക്കം ഉരസി തീപിടിച്ചതാവാം അപകട കാരണമെന്ന് പൊലീസ്-ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഗോഡൗണ്‍ ഉടമ ചെമ്പകരാമന്‍, ലൈസന്‍സി ആനന്ദരാജ് എന്നിവരുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദീപാവലിക്ക് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ശിവകാശിയില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ പടക്കമാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത്.

Tags:    
News Summary - fire accident at sivakasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.