ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 196 (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), സെക്ഷൻ 197 (ദേശീയ ഏകീകരണത്തിന് മുൻവിധിയോടെയുള്ള ആരോപണങ്ങൾ, അവകാശവാദങ്ങൾ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശിൽനിന്ന് പതിനായിരങ്ങൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണമെന്നാണ് മഹുവ മൊയ്ത്ര നടത്തിയ വിവാദ പരാമർശം. കൂടാതെ, അതിർത്തി സംരക്ഷണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും നുഴഞ്ഞുകയറ്റമുണ്ടെങ്കിൽ തൃണമൂൽ സർക്കാറിനെ കുറ്റപ്പെടുത്താനാവില്ലെന്നും മഹുവ പറഞ്ഞു.
മമത ബാനർജി സർക്കാറിനെ പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കുകയാണെന്ന അമിത് ഷായുടെ വിമർശനത്തിനായിരുന്നു മഹുവയുടെ മറുപടി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മഹുവ. മഹുവയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ബി.ജെ.പി വക്താവ് ശഹ്സാദ് പൂനാവാലയും മുൻ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദു രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.