മോദി കഴിവു​കെട്ടവനെന്ന് നിർമല സീതാരാമന്റെ ഭർത്താവ്: ‘വീണ്ടും അധികാരത്തിൽ വന്നാൽ സർവനാശം; വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിൽ വിദഗ്ധൻ’

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധന മന്ത്രി നിർമല സീതാരാമന്റെ ഭർത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകർ. ഭരണത്തിൽ മോദിയുടെ കാര്യക്ഷമമല്ലെന്നും എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ‘ദ വയറി’ന് നൽകിയ അഭിമുഖത്തിലാണ് പ്രഭാകർ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.


‘സാമ്പത്തികരം​ഗത്തടക്കം മോദിയുടെ കഴിവില്ലായ്‌മ അമ്പരപ്പിക്കുന്നു. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്പദ്‌വ്യവസ്ഥ പൂർണ തകർച്ചയിലാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളിൽ അദ്ദേഹം കാര്യക്ഷമനാണ്. രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോൾ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകന്നു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എന്തിനാണ് വിമർശിക്കുന്നതെന്നും നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കാറുണ്ട്. ഞാൻ അവരോടെല്ലാം പറയുന്നു, ബദൽ എന്താണെന്ന് ജനങ്ങൾ തീരുമാനിക്കും’ -ഡോ. പ്രഭാകർ പറഞ്ഞു.

Full View

രതാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് സർക്കാർ പ്രതിനിധികളും മന്ത്രിമാരും തെറ്റായ വിവരങ്ങളാണ് ജനങ്ങളോട് ​പറയുന്നതെന്ന് പ്രഭാകർ പറഞ്ഞു. ‘കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നമ്മുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് നമ്മൾ തെറ്റായ നയങ്ങളാണ് സ്വീകരിച്ചത്. ഭാരതീയ ജനതാ പാർട്ടിക്ക് തുടക്കം മുതലേ സാമ്പത്തിക തത്വശാസ്ത്രമോ യോജിച്ച ചിന്തയോ ഇല്ലായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. 1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ അത് ഗാന്ധിയുടെ ആശയങ്ങളെയും സോഷ്യലിസത്തെയും എതിർത്തു. ഏത് സാമ്പത്തിക വിദഗ്ധന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം നോട്ട് നിരോധനം പോലുള്ള അതിരുകടന്നതും അപ്രായോഗികവുമായ തീരുമാനം എടുത്തതെന്ന് അറിയില്ല. 1990നു ശേഷം ആദ്യമായി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. തൊഴിലില്ലായ്‌മ കുതിക്കുന്നു. സമ്പത്ത്‌ കുറച്ചുപേരിൽമാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോദി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്‌. ഏതെങ്കിലും ധനമന്ത്രിയെ വ്യക്തിപരമായി വിമർശിക്കുന്നില്ല’ -അദ്ദേഹം വ്യക്തമാക്കി. മുമ്പും മോദി ഭരണകൂടത്തെ വിമർശിച്ച് പ്രഭാകർ രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Finance Minister Nirmala Sitharaman’s husband Dr. Parakala Prabhakar against Prime Minister Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.