അഹ്മദാബാദ്: സംവിധായകനെ ദിവസങ്ങളായി കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അഹ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചോയെന്ന് സംശയിച്ച് കുടുംബം. ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റർ അകലെയാണ്. നരോദയിലെ താമസക്കാരനായ മഹേഷ് കലാവാഡിയയെയാണ് കാണാതായത്. മ്യൂസിക് ആൽബങ്ങളുടെ സംവിധായകനായ അദ്ദേഹം സംഭവം നടന്ന ദിവസം ഉച്ചക്ക് ലോ ഗാർഡൻ പ്രദേശത്ത് ഒരാളെ സന്ദർശിക്കാൻ പോയിരുന്നതായി ഭാര്യ ഹേതൽ പറഞ്ഞു.
അഹ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ എയർപോർട്ടിൽ നിന്നും പറയന്നുയർന്ന വിമാനം മേഘാനി നഗറിലെ മെഡിക്കൽ കോളജ് കാമ്പസിൽ തകർന്നുവീണതിനെ തുടർന്ന് വിമാനത്തിലെ 241 യാത്രക്കാർക്ക് പുറമെ വിമാനം പതിച്ചയിടത്തെ 29 പേരും കൊല്ലപ്പെട്ടിരുന്നു.
മഹേഷ് 1.14ന് ഫോണിൽ വിളിച്ച് മീറ്റിങ് കഴിഞ്ഞുവെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞു. കുറേ നേരം കഴിഞ്ഞ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന്‍റെ അവസാന ലൊക്കേഷൻ അപകടം നടന്ന സ്ഥലത്ത് നിന്നും 700 മീറ്റർ അകലെയാണ് എന്ന് പറഞ്ഞു. 1.40നാണ് ഫോൺ സ്വിച്ച് ഓഫ് ആയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ മൊബൈൽ ഫോണോ സ്കൂട്ടറോ കണ്ടെത്താനായിട്ടില്ലെന്നും ഹേതൽ പറഞ്ഞു.
അധികൃതരുടെ ആവശ്യപ്പെട്ടതുപ്രകാരം ബന്ധുക്കൾ ഡി.എൻ. സാമ്പിളുകൾ നൽകിയിട്ടുണ്ട്. അപകടത്തിൽ പെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അഹ്മദാബാദ് വിമാന ദുരന്തം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും 47 മൃതദേഹങ്ങൾ മാത്രമാണ് ഇതിവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഇതിൽ 24 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ ബന്ധുക്കൾക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.