‘ഇത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പ്രതിപക്ഷ മാർച്ച് പൊലീസ് തടഞ്ഞതിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഇൻഡ്യ സഖ്യം നടത്തിയ മാർച്ച് രാഷ്ട്രീയ സമരമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് എം.പിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.

പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളിൽ നിന്നുള്ള വനിത എം.പിമാരായ മഹുവ മൊയ്ത്രും മിതാലി ബാഗും റോഡിൽ കുഴഞ്ഞുവീണു. രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ വനിത എം.പിമാരെ ആശുപത്രിയിലേക്ക് മാറ്റി. സയാനി ഘോഷും പ്രിയ സരോജും ഒപ്പമുണ്ടായിരുന്നു.

രാവിലെ 11.30ന് പാർലമെന്റിൽ നിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഇൻഡ്യസഖ്യ എം.പിമാർ പ്രതിഷേധ മാർച്ച് നടത്തിയത്. എന്നാൽ, പാർലമെന്‍റ് ബ്ലോക്കിൽ വച്ച് എം.പിമാരെ വൻ പൊലീസ് സന്നാഹം തടഞ്ഞു. ഇതേതുടർന്ന് എം.പിമാർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പൊലീസ് തടഞ്ഞതിന് പിന്നാലെ അഖിലേഷ് യാദവ് അടക്കം ചില എം.പിമാർ ബാരിക്കേഡ് മറികടന്ന് മറുവശത്തെത്തി. പ്രതിഷേധ മാർച്ച് അവസാനിപ്പിക്കാൻ തയാറാകാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ പൊലീസ് കൈയ്യേറ്റം ചെയ്തെന്ന് വനിതാ എം.പിമാർ ആരോപിച്ചു.

അതിനിടെ, ഇൻഡ്യ സഖ്യത്തിലെ മുഴുവൻ എം.പിമാരുമായും കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. രാവിലെ പ്രതിപക്ഷ എം.പിമാർക്ക് കൂടിക്കാഴ്ചക്ക് അനുമതി നൽകിയ കമീഷൻ പ്രതിനിധികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 30 പേരെ കാണാമെന്നാണ് കമീഷൻ അറിയിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഇൻഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്കരിച്ചത്.

കർണാടകയിലെ മഹാദേവപുര നിയമസഭ സീറ്റിൽ ഒരു ലക്ഷത്തോളം വോട്ടുകൾ ചോർന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചതിന് പിന്നാ​ലെയാണ് പ്രതിപക്ഷ പ്രതിഷേധം. 

Tags:    
News Summary - “Fight to save Constitution”: Rahul Gandhi as police stops INDIA bloc leaders march to EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.