ന്യൂഡൽഹി: ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ മായാവതി ഇൻഡ്യ മുന്നണിക്കൊപ്പം ചേരണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും നിർഭാഗ്യവശാൽ അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധി. എസ്.പിയും ബി.എസ്.പിയും കോൺഗ്രസും ഒന്നിച്ചിരുന്നെങ്കിൽ ബി.ജെ.പി ഒരിക്കലും തെരഞ്ഞെടുപ്പ് ജയിക്കില്ലായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.
പിന്നാലെ, ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം ആയി മത്സരിച്ചു എന്നതാണ് പൊതുവായ ചർച്ചയെന്നും ഇതുമൂലമാണ് ബി.ജെ.പി അധികാരത്തിൽ വന്നതെന്നും മായാവതി തിരിച്ചടിച്ചു. ഉത്തർപ്രദേശ് സന്ദർശനത്തിനിടെ ദലിത് വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ മായാവതിയെ വിമർശിച്ചത്. എന്തുകൊണ്ടാണ് മായാവതി തെരഞ്ഞെടുപ്പിനെ ശരിയായി നേരിടാത്തതെന്നും രാഹുൽ ചോദിച്ചു.
എന്നാൽ, കോൺഗ്രസിന് ശക്തിയുള്ളതോ അവർക്ക് സർക്കാറുള്ളതോ ആയ സ്ഥലങ്ങളിൽ ബി.എസ്.പിയോട് ശത്രുതയും ജാതീയ മനോഭാവവുമാണ് കാണിക്കുകയെന്ന് മായാവതി പറഞ്ഞു യു.പിയിലാകട്ടെ, ബി.എസ്.പിയുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് പറയുന്നു. ഇത് ആ പാർട്ടിയുടെ ഇരട്ടത്താപ്പല്ലെങ്കിൽ പിന്നെ എന്താണെന്ന് രാഹുലിന് മറുപടിയായി മായാവതി എക്സിൽ കുറിച്ചു.
യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഖ്യത്തിൽ ബി.എസ്.പി തെരഞ്ഞെടുപ്പ് നേരിട്ടപ്പോഴെല്ലാം തങ്ങളുടെ വോട്ട് അവരുടെ സ്ഥാനാർഥികൾക്ക് നൽകിയെങ്കിലും തിരിച്ച് ലഭിച്ചിട്ടില്ല. സഖ്യത്തിൽ ബി.എസ്.പിക്ക് എപ്പോഴും നഷ്ടം സഹിക്കേണ്ടിവന്നുവെന്നും നിരവധി പോസ്റ്റുകളിലായി അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.