എത്വ: ഉത്തർപ്രദേശിൽ പതിനഞ്ചുകാരനായ മകെൻറ മൃതദേഹവും തോളിലിട്ട് കരഞ്ഞു നീങ്ങുന്ന പിതാവിെൻറ ദൃശ്യങ്ങൾ വൈറലാകുന്നു. സർക്കാർ ആശുപത്രിയിൽ വെച്ച് മരിച്ച പുഷ്പേന്ദ്രയെന്ന കൗമാരക്കാരനെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടർന്നാണ് പിതാവ് ഉദയ്വീർ മൃതദേഹവും ചുമന്ന് നടന്നത്.
കാലുവേദനയെ തുടർന്നാണ് മകനെ ഗ്രാമത്തിൽ നിന്നും ഏഴുകിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാർ പരിശോധിച്ച് കുട്ടി മരിച്ചെന്ന് അറിയിക്കുകയായിരുന്നു. കുട്ടിയെ വിശദമായി പരിശോധിക്കാൻ പോലും ഡോക്ടർമാർ തയാറായില്ല. മൃതദേഹം ആശുപത്രിയിൽ നിന്ന് ഉടൻ മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ പാവപ്പെട്ടവർക്ക് അനുവദിക്കുന്ന സൗജന്യ ആംബുലൻസ് സേവനം അനുവദിച്ചില്ലെന്നും ഉദയ്വീർ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഉദയ്വീർ കുട്ടിയെ ചുമന്ന് ആശുപത്രിയിൽ നിന്ന് പുറത്തുകൊണ്ടുവരുകയും പിന്നീട് ബൈക്കിൽ വെച്ച് ഗ്രാമത്തിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.
കാലുവേദന അനുഭവപ്പെട്ട കുട്ടിയെ രണ്ടു തവണ ഇതേ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ശരിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും പിതാവ് പരാതിപ്പെട്ടു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി മെഡിക്കൽ ഒാഫീസർ രാജീവ് യാദവ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഉദയ്വീർ കുട്ടിയുമായി ആശുപത്രിലെത്തിയത്. ആശുപത്രിയിലെത്തുേമ്പാൾ കുട്ടി മരിച്ചിരുന്നു. ബസ് അപകടത്തിൽ പെട്ടവരെ പരിശോധിക്കുന്ന തിരക്കിലായിരുന്നു ഡോക്ടർമാരെന്നും നേരത്തെ ശരിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി പരിശോധിക്കുമെന്നും മെഡിക്കൽ ഒാഫീസർ അറിയിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഒഡീഷയിൽ ദാനാ മാഞ്ചി ഭാര്യയുടെ മൃതദേഹം ചുമന്ന് 10 കിലോ മീറ്ററിലധികം നടന്നത് വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.