ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ കേന്ദ്ര സർക്കാറിെന ഞെട്ടിച്ച കർഷക പ്രക്ഷോഭം താൽക്കാലികമായി ഒത്തുതീർന്നു. ചൊവ്വാഴ്ച അർധരാത്രി നടന്ന മാരത്തൺ ചർച്ചക്കുശേഷം കർഷകരുെട ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകുകയും തലസ്ഥാന നഗരിയിലേക്ക് പ്രവേശിക്കാൻ കർഷകർക്ക് അനുമതി നൽകുകയും ചെയ്തതോടെ ബുധനാഴ്ച പുലർച്ചയാണ് സമരം ഒത്തുതീർന്നത്.
സമരക്കാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് തുടങ്ങിയവർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച അർധരാത്രി മന്ത്രിമാർ വീണ്ടും നടത്തിയ ചർച്ചക്കുശേഷമാണ് പ്രക്ഷോഭം അവസാനിപ്പിക്കാൻ കർഷകർ തയാറായത്. സമരം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായത്ത് അറിയിച്ചു. ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിൽ തമ്പടിച്ചിരുന്ന സമരക്കാർ ഡൽഹിയിലെ ലക്ഷ്യസ്ഥലമായ, ചൗധരി ചരൺ സിങ്ങിെൻറ സ്മാരകമായ കിസാൻ ഘട്ട് സന്ദർശിച്ച ശേഷം ബുധനാഴ്ച പുലരും മുേമ്പ തിരിച്ചുപോയി.
വിളകൾക്ക് മിനിമം വില ഉറപ്പുവരുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങി 21 ആവശ്യങ്ങൾ ഉന്നയിച്ചാണ് ‘കിസാൻ ക്രാന്തി പദയാത്ര’ ഡൽഹി ലക്ഷ്യമാക്കി നീങ്ങിയത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും 70,000ത്തോളം വരുന്ന കർഷകരായിരുന്നു പ്രക്ഷോഭത്തിൽ പെങ്കടുത്തത്. തുടർന്ന് പദയാത്ര ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ പൊലീസ് തടഞ്ഞ് ലാത്തിച്ചാർജും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
10 ദിവസമായി കർഷകർ മാര്‍ച്ച് ചെയ്തുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാറിനോട് ഞങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ആവശ്യമുന്നയിക്കുന്നത് തുടരുമെന്നും നരേഷ് ടികായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അംഗീകരിച്ച ആവശ്യങ്ങൾ ആറു ദിവസത്തിനുള്ളിൽ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
എം.എസ്. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പുവരുത്തുക, വിള ഇൻഷുറൻസ് പദ്ധതി മെച്ചപ്പെടുത്തുക, കരിമ്പ് കർഷകരുടെ കുടിശ്ശിക തീർക്കുക, 10 വർഷത്തിൽ കുടുതൽ പഴക്കമുള്ള ട്രാക്ടറുകളുടെ വിലക്ക് റദ്ദാക്കുക, ഇന്ധന വില പിടിച്ചു നിര്‍ത്തുക, വൈദ്യുതി സൗജന്യമാക്കുക തുടങ്ങിയവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. ഡൽഹി പൊലീസും അർധ സൈനിക വിഭാഗവും ഗാന്ധി ജയന്തി ദിനത്തിൽ കർഷകർക്കുനേരെ നടത്തിയ അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവം സർക്കാറിന് നാണക്കേടുണ്ടാക്കുകയും പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജ്നാഥ് നേരിട്ട് സമരം ഒത്തുതീർക്കാൻ രംഗത്തിറങ്ങിയത്.
ഗോതമ്പിെൻറ താങ്ങുവിലയിൽ 105 രൂപയുടെ വർധന
ന്യൂഡൽഹി: ഗോതമ്പിെൻറ ഇൗ സീസണിലെ കുറഞ്ഞ താങ്ങുവിലയിൽ ക്വിൻറലിന് 105 രൂപയുടെ വർധനക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതുപ്രകാരം 2017-18ൽ ക്വിൻറലിന് 1735 രൂപയുണ്ടായിരുന്ന ഗോതമ്പിെൻറ വില 2018-19ൽ 1840 രൂപയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗമാണ് വർധനക്ക് അംഗീകാരം നൽകിയത്. ഫാം ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് കാബിനറ്റ് തീരുമാനം. ഇതിലൂടെ കർഷകർക്ക് 62,635 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്ന് നിയമ മന്ത്രി രവി ശങ്കർ പ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റാബി വിളകളുടെ കുറഞ്ഞ താങ്ങുവില ക്വിൻറലിന് 30 രൂപ വർധിപ്പിച്ചതായി കൃഷിമന്ത്രി രാധമോഹൻ സിങ് വ്യക്തമാക്കി. കർഷക സമരത്തിെൻറ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.