Image courtesy: Financial express

കർഷകന്‍റെ കഞ്ഞിയിൽ കല്ലിടുന്ന ബില്ലുകൾ; വ്യാപക പ്രതിഷേധം

കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച കർഷക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. കാർഷിക മേഖലക്ക് പ്രാധാന്യമേറിയ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ ശക്തമായ സമരവുമായി അണിനിരന്നു കഴിഞ്ഞു. ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചതോടെ കർഷക ബിൽ ഉയർത്തുന്ന പ്രത്യാഘാതങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ചയാകും.

കാർഷികമേഖല കോർപറേറ്റുകൾക്ക്‌ അടിയറവെക്കാനുള്ള വിവാദ ഓർഡിനൻസുകൾക്ക്‌ പകരമുള്ള ബില്ലുകളാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, കർഷക വിലയുറപ്പ് കർഷക സേവന ബിൽ എന്നിവയാണ് വ്യാപക എതിർപ്പുകളേറ്റുവാങ്ങുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില പോലും ലഭിക്കുന്നത് നിയമനിർമാണത്തിലൂടെ ഇല്ലാതാകുമെന്ന് കർഷകർ പറയുന്നു.

ബില്ലുകൾക്കെതിരെ പ്രതിപക്ഷം പാർലമെന്‍റിൽ രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസടക്കുള്ളള പ്രതിപക്ഷം. ബില്ലിനെതിരെ കടുത്ത നിലപാടാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പഞ്ചാബിലെ കര്‍ഷക സമൂഹത്തിന്‍റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യധ്യാന വിളകള്‍ക്കുള്ള മിനിമം താങ്ങുവില സമ്പ്രദായത്തെ അട്ടിമറിക്കുന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ മൊത്തം കര്‍ഷകരെയും ബാധിക്കുമെന്ന് അമരീന്ദർ സിങ് പറഞ്ഞു.  


 കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭത്തിൽ റോഡ് ഉപരോധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്നും അമരീന്ദർ നിർദേശിച്ചിരുന്നു.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളും ബില്ലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇടതുപാർട്ടികളും ബില്ലിനെതിരെ രംഗത്തുണ്ട്.

പഞ്ചാബിൽ കർഷക പ്രക്ഷോഭം ശക്തമായതോടെയാണ് അകാലി ദളിന് തങ്ങളുടെ കാബിനറ്റ് മന്ത്രിയെ രാജിവെപ്പിക്കേണ്ടിവന്നത്. കർഷകവിരുദ്ധ ബില്ലുകളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ എന്‍.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദലിനോടും അകാലി ദൾ അധ്യക്ഷൻ സുഖ്ബീര്‍ സിങ് ബാദലിനോടും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമുള്ള പിന്തുണ അകാലിദൾ തുടരുമെന്നും എന്നാൽ കർഷക വിരുദ്ധമായ ബില്ലുകളെ എതിർക്കുമെന്നുമാണ് രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സുഖ്ബീര്‍ സിങ് ബാദൽ പറഞ്ഞത്.

തുടക്കത്തിൽ ബില്ലിനെ പിന്തുണച്ച് നിലപാടെടുത്ത അകാലി ദൾ പ്രതിഷേധം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്. പ്രശ്നങ്ങൾ പരിഹരിക്കും വരെ ബില്ലുമായി മുന്നോട്ട് പോകരുതെന്ന് അകാലി ദൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബില്ലുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.